കൊല്ലം നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണിയായ യുവതി അറസ്റ്റില്‍. മങ്ങാട് സ്വദേശിനിയായ 27കാരി ഹരിതയാണ് വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്

കൊല്ലം: കൊല്ലം നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണിയായ യുവതി അറസ്റ്റില്‍. മങ്ങാട് സ്വദേശിനിയായ 27കാരി ഹരിതയാണ് വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. വിദേശത്ത് ഇരുന്ന് ലഹരിക്കച്ചവടത്തിന്‍റെ ഏജന്‍റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രതി. ജയിലില്‍ കഴിയുന്ന കൂട്ടുപ്രതികളെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഹരിതയെ രഹസ്യ നീക്കത്തിലൂടെ പിടികൂടുകയായിരുന്നുവെന്ന് സിറ്റി പൊലീസ് അറിയിച്ചു. ഹരിതയുടെ കൂട്ടാളികള്ളായ മൂന്ന് പേര്‍ നേരത്തെ ലഹരിക്കേസില്‍ അറസ്റ്റിലായിരുന്നു. ഓഗസ് 24 നാണ് വിപണിയിൽ അഞ്ച് ലഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎ യുമായി പുന്തലത്താഴം സ്വദേശി അഖിൽ ശശിധരന്‍ സിറ്റി പൊലീസിന്‍റെ പിടിയിയായത്. ഇയാളില്‍ നിന്ന് ലഹരി ശ്യംഖലയെ കുറിച്ച് വിവരം ലഭിച്ചു.

തുടര്‍ന്ന് സിറ്റി എസിപി എസ് ഷെരീഫിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പിന്നാലെ കല്ലുന്താഴം സ്വദേശി അവിനാഷിനെ പിടികൂടി. അഖിലിനെ പിടികൂടിയത് അറിഞ്ഞ് ഒളിവിൽ പോയ അമ്മച്ചി വീട് സ്വദേശി ശരത്തിനെ അടുത്തിടെ എംഡിഎംഎയുമായി സിറ്റി ഡാൻസാഫ് ടീമും കൊട്ടിയം പൊലിസും ചേർന്ന് അറസ്റ് ചെയ്തിരുന്നു.

പ്രതികളില്‍ നിന്ന് ലഭിച്ച സൂചനകളാണ് അന്വേഷണം ഹരിതയിലേക്ക് എത്തിച്ചത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഹരിതയുടെ മാതാപിതാക്കൾ ഒമാനിലാണ്. മങ്ങാടുള്ള വീട്ടില്‍ മുത്തശ്ശിക്കൊപ്പമാണ് ഹരിത നേരത്തെ താമസിച്ചിരുന്നത്. ലഹരിക്കേസിലെ രണ്ടാം പ്രതി അവിനാഷും ഹരിതയും കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്. പഠനം കഴിഞ്ഞ ശേഷം ലഹരി കച്ചവടത്തിൽ ഇറങ്ങിയ ഹരിത എംഡിഎംഎ വിതരണത്തില്‍ മുഖ്യ ഏജന്‍റ് ആയി. ഇതിനിടെ 2024 ഡിസംബറിൽ 2 ഗ്രാം എംഡിഎംഎയുമായി ഹരിതയെയും മൂന്ന് യുവാക്കളെയും എറണാകുളത്ത് ലോഡ്ജിൽ വച്ച് സെൻട്രൽ പൊലീസ് പിടികൂടി. ജനുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒമാനിൽ മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഒമാനില്‍ ഇരുന്നായിരുന്നു എംഡിഎംഎ ഇടപാടുകള്‍.

അതും നാട്ടിലെ മുത്തശ്ശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച്. എംഡിഎംഎക്ക് വേണ്ടി അവിനാഷും ശരത്തും പണം ഈ അക്കൗണ്ടില്‍ അയക്കും. തുക ഹരിത എംഡിഎംഎ വിതരണത്തിന്‍റെ ബെംഗളൂരുവിലെ മൊത്ത കച്ചവടക്കാരന് അയച്ചു നൽകും. ബംഗളൂരില്‍ നിന്ന് എറണാകുളത്ത് എത്തിക്കുന്ന എംഡിഎംഎ അഖിൽ ശശിധരനെ ഉപയോഗിച്ച് കൊല്ലത്ത് കൊണ്ടുവന്ന് വിതരണം ചെയ്യുന്നതാണ് രീതി. കൊല്ലത്തെ വിതരണക്കാരും ബെംഗളൂരുവിലെ മൊത്ത കച്ചവടക്കാരനും തമ്മിൽ പരസ്പരം അറിയാതിരിക്കാൻ ഹരിത ശ്രദ്ധിച്ചിരുന്നു. ഇതിനായി പണം ഗൂഗിൾ പേ വഴി അയച്ചു നല്‍കും. സാധനം എടുക്കേണ്ട ലൊക്കേഷൻ അയച്ചു കൊടുക്കുന്നതും ഹരിതയാണ്. ഹരിതയുടെ മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽ ലഹരി കച്ചവടത്തിന്‍റെ നിരവധി വിവരങ്ങൾ ലഭിച്ചതായി വെസ്റ്റ് പൊലീസ് അറയിച്ചു. ഹരിതയെ നാട്ടില്‍ എത്തിച്ച് പിടികൂടുകയെന്നതായിരുന്നു പൊലീസിന്‍റെ നീക്കം. ഒടുവില്‍ ജയിലിൽ കഴിയുന്ന കൂട്ടുപ്രതികളെ ജാമ്യത്തിലിറക്കാന്‍ നാട്ടില്‍ എത്തിയ ഹരിത പൊലീസിന്‍റെ വലയില്‍ വീണു. ലഹരിസംഘത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്ന് വെസ്റ്റ് എസ്.എച്ച്.ഒ ആര്‍.ഫയാസ് വ്യക്തമാക്കി.

YouTube video player