വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്സ

തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വീഴ്ചയില്‍ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞു. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും ഡോ. ജയചന്ദ്രൻ പറഞ്ഞു. 

തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്. തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സർജിക്കൽ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോൾ ഉള്ളതെന്നും വെന്റിലേറ്ററിന്‍റെ സഹായം ഇപ്പോഴും നൽകുന്നുണ്ടെന്നും ഡോ. ജയചന്ദ്രന്‍ പ്രതികരിച്ചു. ചികിത്സയില്‍ തൃപ്തയല്ലെന്നും മികച്ച ചികിത്സ ലഭ്യമാക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മയുടെ ഇന്നലെ പ്രതികരിച്ചിരുന്നത്. എന്നാൽ, പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നതെന്നും എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രതികരണം നടത്തിയത് എന്ന് അറിയില്ലെന്നുമായിരുന്നു കുടുംബത്തിന്‍റെ ആരോപണത്തോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ പ്രതികരണം. പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ രാത്രി കേരള എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് പത്തൊമ്പതുകാരിയെ സഹയാത്രികൻ തള്ളിയിട്ടത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. വാതിൽക്കൽ നിന്ന് മാറാത്തതിന്‍റെ വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ പിന്നിൽ നിന്നും തള്ളിയിട്ടതെന്നാണ് എഫ്ഐആര്‍. ശ്രീക്കുട്ടിയും സുരേഷും തമ്മിൽ വാക് തർക്കമുണ്ടായെന്നും സൂചനയുണ്ട്. പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി എന്ന സോനയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

YouTube video player