പത്തനംതിട്ടയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായ അലൻ മാത്യുവിനെതിരെ ലൈംഗിക പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി തുടർച്ചയായി ദുരുപയോഗം ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. ആത്മഹത്യക്ക് ശ്രമിച്ച പരാതിക്കാരി ആശുപത്രിയിൽ ചികിത്സയിലാണ്, ആരോപണ വിധേയനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കി.
പത്തനംതിട്ട: സി പി എം പ്രാദേശിക നേതാവ് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. പത്തനംതിട്ട റാന്നി സ്വദേശി, സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റുമായ അലന്‍ മാത്യുവിനെതിരെയാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതിക്കാരി ആരോപിച്ചിരിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച പരാതിക്കാരിയെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം പുറത്തായതിന് പിന്നാലെ അലന്‍ മാത്യുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സിപിഎം അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെ ഉയർന്നുവന്ന പരാതി സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വിവാഹ മോചിതയായ യുവതി അലന്‍ മാത്യുവുമായി ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ദുരുപയോഗം ചെയ്തെന്നാണ് മൊഴി. 2024 ജൂണ്‍ മാസം മുതല്‍ പീഡനത്തിന ഇരയായി. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്ന വഴി വാഹനത്തില്‍ വച്ചായിരുന്നു ആദ്യ ചൂഷണം. പിന്നീട് കൊച്ചിയിലെ ഒരു ഹെറിറ്റേജ് ഹോമിലും വാഗമണ്ണിലും എത്തിച്ച് ലൈംഗിമായി പീഡിപ്പിച്ചു. ഇൗവര്‍ഷം ജനുവരി മാസം ഒന്നിന് ചങ്ങനാശേരിയിലെ ഒരു റസ്റ്റോറന്റില്‍ വച്ചും തനിക്ക് മോശം അനുഭവം ഉണ്ടായതായി യുവതി പരാതിയില്‍ ഉണ്ട്. പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം രജിസട്രേഷൻ ചെയ്യാനുള്ള അപേക്ഷയും സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അലൻ തന്നെ വഞ്ചിച്ചെന്നാണ് യുവതിയുടെ പരാതി. നീതി തേടി യുവതി സി. പി എം നേതൃത്വത്തെയും സമീപിച്ചു. പാർട്ടി സംരക്ഷിച്ചില്ലെന്നും ഏരിയ കമ്മിറ്റിയിൽ നിന്നും ഡിവൈഎഫ്ഐ ബ്ലോക്ക് നേതൃസ്ഥാനത്തുനിന്നും മാറ്റിയിരുന്നു എന്നുമാണ് വിശദീകരണം. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ആണ് റാന്നി പൊലീസ് പറയുന്നത്.


