വയനാട്: എസ്പി ഓഫീസില്‍ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വനിതാ കമ്മീഷൻ. വയനാട് എസ്പിയോട് പത്തുദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു.

വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ സൈബർസെല്ലിന്‍റെ ഭാഗമായി പ്രവർത്തിക്കവേ സഹപ്രവർത്തകരോട് സംസാരിച്ചതിന് ഓഫീസിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥന്‍ തന്നോട് മോശമായി പെരുമാറിയെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയിലുള്ളത്. 

സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോള്‍ ഇതേ ഉദ്യോഗസ്ഥന്‍ ഇടപെട്ട് തന്നെ സ്ഥലംമാറ്റിയെന്നും പരാതിയിലുണ്ട്. ഇപ്പോള്‍ വനിതാ സെല്ലില്‍ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയുടെ പരാതിയെതുടർന്ന് കഴിഞ്ഞദിവസം കളക്ടറേറ്റില്‍നടന്ന വനിതാ കമ്മീഷന്‍ പരാതി പരിഹാര അദാലത്തില്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. 

പരാതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതർപുറത്തുവിട്ടിട്ടില്ല. എന്നാല്‍ പരാതി വളരെ ഗൗരവമുള്ളതാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടിയെടുക്കുമെന്നും അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.