കെഎസ്ആർടിസി പ്രിയദർശിനി ബസിലെ പതിവ് മോഷ്ടാവായ തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ ചേർന്ന് സാഹസികമായി പിടികൂടി
കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ പതിവ് മോഷ്ടാവായ തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ ചേർന്ന് സാഹസികമായി പിടികൂടി. തിരുനെൽവേലി മുക്കടൽ ആറ്റാൻകര സ്വദേശി മഞ്ജുള (35) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 9.30ന് പത്തനംതിട്ട - കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിലായിരുന്നു സംഭവം. ബസിലെ യാത്രക്കാരിയായിരുന്ന അടൂർ പറക്കോട് സ്വദേശി സുധീനയുടെ മൂന്നരപ്പവന്‍റെ മാലയാണ് മഞ്ജുള അപഹരിക്കാൻ ശ്രമിച്ചത്. പന്മന മുഖംമൂടി ജംക്‌ഷനിലെ ബസ് സ്‌റ്റോപ്പിൽ ഇറങ്ങുമ്പോഴാണ് സുധീനയുടെ മാല പൊട്ടിക്കാൻശ്രമിച്ചത്. ഇത് മനസ്സിലാക്കിയ സുധീന മാലയിൽ പിടിച്ചതിനാൽ മാലപൊട്ടി കയ്യിൽത്തന്നെ വീണു. ഇതോടെ മഞ്ജുളയെ ബസിലെ മറ്റു യാത്രക്കാർ വളഞ്ഞു. കണ്ണുവെട്ടിച്ച് ബസിൽ നിന്നും ഇറങ്ങി ഓടിയ മഞ്ജുളയെ യാത്രക്കാരും നാട്ടുകാരും പിന്തുടർന്ന് പിടികൂടി ചവറ പൊലീസിന് കൈമാറുകയായിരുന്നു.
ചോദ്യം ചെയ്‌തതോടെ മറ്റു രണ്ട് യാത്രികരുടെ മാലകൾ കവർന്നതും ഇവരാണെന്ന് തിരിച്ചറിഞ്ഞു. പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇതെ റൂട്ടിൽ കഴിഞ്ഞമാസം ശാസ്‌താം കോട്ട ആഞ്ഞിലിമൂട് സ്വദേശി റോസമ്മയുടെ നാലേകാൽ പവന്‍റെ മാലയും ചവറ പുതുക്കാട് സ്വദേശി ലില്ലിക്കുട്ടിയുടെ ഒരുപവന്‍റെ മാലയുമാണ് മഞ്ജുള കവർന്നത്. ആശുപത്രിയിലെത്തിയ ലില്ലിക്കുട്ടി നീണ്ടകര ജംഗ്ഷനിൽ ബസിൽ നിന്നും ഇറങ്ങുന്നതിനിടെ മഞ്ജുള സഹായിയായി കൂടെകൂടി മാലയുമായി കടന്നുകളയുകയായിരുന്നു. സമാന കേസുകളിൽ നേരത്തെയും പ്രതിയാണ് മഞ്ജുള. സ്ത്രീ യാത്രക്കാരുടെ തിരക്ക് കെഎസ്ആർടിസിബസുകളിൽ കൂടിയതോടെ സൗജന്യ യാത്ര ചെയ്‌ത് മാല കവരുന്നത് ഇപ്പോൾ സ്ഥിരമാണ്.



