കൊല്ലുമെന്ന ഭീഷണി തുടരുന്ന സാഹചര്യത്തിൽ മീൻ വിൽപ്പന ഉപേക്ഷിക്കാനൊരുങ്ങുകയാണ്  ശ്യാമിലി.

കോഴിക്കോട്: കോഴിക്കോട് (Kozhikode) നഗരമധ്യത്തിൽ മീൻ വിൽപ്പനക്കാരിയായ യുവതിയെ മർദ്ദിച്ച ഭർത്താവ് ജാമ്യത്തിലിറങ്ങി (Bail) വീണ്ടും ഭീഷണിപ്പെടുത്തുന്നതായി യുവതിയുടെ പരാതി. അശോകപുരത്ത് മീൻ വില്‍ക്കുന്ന ശ്യാമിലിയെ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ഭർത്താവ് ജോലി സ്ഥലത്തെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് വീണ്ടും കേസെടുത്തെങ്കിലും ഭർത്താവിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് ശ്യാമിലിയുടെ ആവശ്യം. കൊല്ലുമെന്ന ഭീഷണി തുടരുന്ന സാഹചര്യത്തിൽ മീൻ വിൽപ്പന ഉപേക്ഷിക്കാനൊരുങ്ങുകയാണ് ശ്യാമിലി.

മീന്‍വിറ്റ പണം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടർന്ന് ശ്യാമിലിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ച കേസില്‍ കഴിഞ്ഞ മാസമാണ് ഭർത്താവ് നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെയാണ് നടക്കാവ് പൊലീസ് നിധീഷിനെതിരെ കേസെടുത്തത്. മർദ്ദനത്തില്‍ മൂക്കിനും ചെവിക്കും യുവതിക്ക് പരിക്കേറ്റിരുന്നു. യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഏറെക്കാലമായി ഭർത്താവിന്റെ ക്രൂരമർദനം അനുഭവിക്കുന്നതായി ശാമിലി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.