മകളെ നീറ്റ് പരീക്ഷയ്ക്ക് കൊണ്ടുപോയി മടങ്ങും വഴി കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ച് കളഞ്ഞു കിട്ടിയ സ്വർണ മാല തിരിച്ചേൽപ്പിച്ച് യുവതി

ആറന്മുള: മകളെ നീറ്റ് പരീക്ഷയ്ക്ക് കൊണ്ടുപോയി മടങ്ങും വഴി കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ച് കളഞ്ഞു കിട്ടിയ സ്വർണ മാല തിരിച്ചേൽപ്പിച്ച് യുവതി. തിരുവല്ല കറ്റോട് സ്വദേശി ടിന്‍റു ജോസഫിന് കളഞ്ഞു കിട്ടിയ മാലയാണ് മാതൃകാപരമായി തിരിച്ചേൽപ്പിച്ചത്. ബസ്റ്റാൻഡിന് എതിർവശം ഉള്ള പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനെയാണ് ടിന്‍റു സ്വർണ്ണമാല ഏൽപ്പിച്ചത്. ഹോം ഗാർഡ് അത് ആറന്മുള പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർച്ചയായ അന്വേഷണത്തിനൊടുവിൽ മാലയുടെ ഉടമസ്ഥയെ പൊലീസ് കണ്ടെത്തുകയായിരുന്നു.

തിരുവല്ല സ്വദേശിനി ഷിഫാനയുടേതായിരുന്നു മാല. വിവരം അറിഞ്ഞ് ചൊവ്വാഴ്ച ആറന്മുള പൊലീസ് സ്റ്റേഷനിൽ എത്തിയ ഷിഫാന ടിന്‍റു ജോസഫിന്‍റെ കൈയിൽ നിന്നും ഏറ്റുവാങ്ങി. സ്വന്തം മകളെപ്പോലെ കണ്ട ഷിഫാനയ്ക്ക് ടിന്റുവിന്റെ വകയായി മാലയോടൊപ്പം ഒരു മുത്തവും ടിന്‍റു നൽകി. സന്തോഷത്താൽ കണ്ണുനിറഞ്ഞ ഷിഫാന ടിന്റുവിനെ ആലിംഗനം ചെയ്തും, എല്ലാവർക്കും മധുരം നൽകിയും തന്റെ സന്തോഷം പങ്കുവെച്ചു.

YouTube video player