യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 24ന് ആണ് പ്രിയയെ ഭർത്തൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
കണ്ണൂർ: കണ്ണൂരിൽ ഭർത്തൃവീട്ടിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കണ്ണൂർ കേളകം ചെങ്ങോം സ്വദേശി മുഞ്ഞനാട്ട് സന്തോഷിനെയാണ് (45) ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേളകം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 24ന് ആണ് പ്രിയയെ ഭർത്തൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ഥിരം മദ്യപാനിയായിരുന്ന സന്തോഷ് ദിവസവും മദ്യപിച്ച് വന്ന് പ്രിയയെ ക്രൂരമായി മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. പല തവണ ബന്ധുക്കൾ സംസാരിച്ചിട്ടും സന്തോഷ് ഉപദ്രവം നിർത്തിയില്ല. ഈ മാനസിക പ്രയാസമാണ് പ്രിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പ്രിയ ആത്മഹത്യ ചെയ്തതിന് പിന്നാലെ സന്തോഷ് ഒളിവിൽ പോയിരുന്നു. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് മഞ്ഞളാംപറമ്പിൽ ഒളിവിൽ കഴിയുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
