ഭര്‍തൃവീട്ടില്‍ നിന്ന് സുനീഷയ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ല. ഹോട്ടലില്‍ നിന്ന് പാഴ്‍സല്‍ വാങ്ങിയാണ് ഒരുമാസമായി ഭക്ഷണം കഴിച്ചിരുന്നത്.

തിരുവനന്തപുരം: കണ്ണൂരിൽ ആത്മഹത്യ ചെയ്ത സുനീഷ ഭർതൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് വല്യമ്മ ദേവകി. സുനീഷയ്ക്ക് സ്ഥിരമായി മര്‍ദ്ദനമേറ്റിരുന്നതായി ദേവകി ന്യൂസ് അവറില്‍ പറഞ്ഞു. ഭര്‍തൃവീട്ടില്‍ നിന്ന് സുനീഷയ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ല. ഹോട്ടലില്‍ നിന്ന് പാഴ്‍സല്‍ വാങ്ങിയാണ് ഒരുമാസമായി ഭക്ഷണം കഴിച്ചിരുന്നത്. വീടുമായി ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുപൊളിച്ചതായും ദേവകി പറഞ്ഞു.

ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്താണ് പയ്യന്നൂർ സ്വദേശി സുനീഷ ഭർതൃവീട്ടിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്തത്. ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരുവീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർത്താവിൻ്റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ ഭർത്താവിൻ്റെ അച്ചനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.