Asianet News MalayalamAsianet News Malayalam

'ട്രെയിൻ ഇടിച്ച് കിട്ടുന്ന ഇരുമ്പ് ആക്രിവിലയ്ക്ക് വിൽക്കാം'; ട്രാക്കിൽ ഇരുമ്പുപാളി വച്ച യുവതി പിടിയിൽ

കോണ്‍ക്രീറ്റ് ഭാഗം ട്രെയിന്‍ ഇടിച്ച് പൊളിഞ്ഞാല്‍ ബാക്കിയുള്ള ഇരുമ്പുപാളി ആക്രി വില്‍പനയ്ക്കായി കിട്ടുമെന്ന ചിന്തയിലാണ് ട്രാക്കിൽ ഇങ്ങനെ ചെയ്തതെന്നാണ് യുവതിയുടെ മൊഴി 

woman who planted the iron plate on railway the track was arrested
Author
First Published Aug 31, 2022, 3:53 PM IST

കാസർകോട്: റെയിൽവേ ട്രാക്കിൽ ഇരുമ്പുപാളി വച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റിലായി. ബേക്കലിൽ ക്വാർട്ടേഴ്സ് മുറിയിൽ താമസിക്കുന്ന തമിഴ്നാട് കിള്ളിക്കുറിച്ച് സ്വദേശിനി കനകവല്ലിയാണ് പൊലീസിൻ്റെ പിടിയിലായത്. കോണ്‍ക്രീറ്റ് ഭാഗം ട്രെയിന്‍ ഇടിച്ച് പൊളിഞ്ഞാല്‍ കൂടെ ഉള്ള ഇരുമ്പുപാളി ആക്രി വില്‍പനയ്ക്കായി കിട്ടുമെന്ന ചിന്തയിലാണ് യുവതി ഇക്കാര്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. 

10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി റെയിൽവേ ട്രാക്കിൽ വെച്ച നിലയില്‍ കണ്ടെത്തിയത്. അട്ടിമറിശ്രമത്തിന് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് 22-കാരിയായ പ്രതി പിടിയിലായത് .ചോദ്യം ചെയ്യലില്‍ ഇവർ കുറ്റം സമ്മതിച്ചു. കോണ്‍ക്രീറ്റ് ഭാഗം ട്രെയിന്‍ ഇടിച്ച് പൊളിഞ്ഞാല്‍ കൂടെ ഉള്ള ഇരുമ്പുപാളി ആക്രി വില്‍പനയ്ക്കായി കിട്ടുമെന്ന ചിന്തയിലാണ് ഇക്കാര്യം ചെയ്തതെന്നാണ് മൊഴി. യുവതിക്ക് മറ്റ് ദുരുദ്ദേശമൊന്നും ഇല്ലായിരുന്നെന്ന് അന്വേഷണ സംഘവും വ്യക്തമാക്കുന്നു.

പൊലീസും ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.  പാളത്തില്‍ ഇരുമ്പു പാളി കണ്ടെത്തിയ ദിവസം തന്നെ ചിത്താരിയില്‍ ട്രെയിനിന് നേരെ കല്ലേറും കുമ്പളയില്‍ പാളത്തില്‍ കല്ല് നിരത്തിവെച്ച സംഭവവും ഉണ്ടായിരുന്നു. ഇതിന് ശേഷം ശക്തമായ പരിശോധനകൾ തുടരുകയായിരുന്നു അധികൃതർ.

ആർപിഎഫ്  പാലക്കാട് എ.എസ്.പി സഞ്ജയ് പണിക്കർ സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് വന്നു പരിശോധന നടത്തിയിരുന്നു. റെയിൽവേ മേഖലയ്ക്ക് പുറത്ത് അന്വേഷണം നടത്തേണ്ടതിനാൽ കാസർകോട് പൊലീസിനെ കേസ് അന്വേഷണത്തിൻ്റ ചുമതല ഏൽപ്പിച്ചിരുന്നു. അന്വേഷണത്തിൽ പൊലീസിന് പിന്തുണ നൽകാൻ ആർപിഎഫും പ്രത്യേകം സംഘത്തെ നിയോഗിച്ചു. റെയിൽവേ ട്രാക്കിൽ ആർപിഎഫിൻ്റെ പട്രോളിംഗും ശക്തമാക്കിയിരുന്നു. പൊലീസ് ഇൻ്റലിജൻസ് വിഭാഗവും സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. 


 

Follow Us:
Download App:
  • android
  • ios