ഒമ്പത് വിരലുകളാണ് നീതുവിന് നഷ്ടമായത്. ക്ലിനിക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനീതിയാണെന്ന് നീതു പറയുന്നു പറയുന്നു.

തിരുവനന്തപുരം: വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയപ്പിഴവിനെത്തുടർന്ന് കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എം എസ് നീതു.‌ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ കഴക്കൂട്ടത്തെ ആശുപത്രിക്കുണ്ടായ പിഴവ് തൻ്റെ ജീവിതം തകർത്തുവെന്ന് സോഫ്റ്റ്‍ വെയർ എഞ്ചിനീയറായിരുന്ന എം എസ് നീതു പറയുന്നു. ആശുപത്രിയിൽ നിന്ന് നേരിട്ടത് കടുത്ത അനീതിയാണെന്നും ചികിത്സയ്ക്കായി 30 ലക്ഷം രൂപ ചിലവായെന്നും നീതു കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിൽ തത്സമയം പങ്കെടുത്താണ് ദുരിത ജീവിതത്തെ കുറിച്ച് നീതു ആദ്യമായി സംസാരിച്ചത്.

ഒറ്റ ശസ്ത്രക്രിയയാണ് ഈ 31 കാരിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനാണ് കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിയിൽ പോയത്. മൂന്ന് ലക്ഷം രൂപ ചെലവിട്ട് ഫെബ്രുവരി 22 നായിരുന്നു ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നീതുവിന്‍റെ ആരോഗ്യ നില വഷളായി. സ്ഥിതി വഷളായതോടെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. അണുബാധയെത്തുടർന്ന് 21 ദിവസം വെന്‍റിലേറ്റര്‍ ‍ സഹായത്തിൽ ചികിത്സയിൽ പ്രവേശിച്ചു. ഇതിനിടെ ഇടതുകയ്യിലെ അഞ്ചും ഇടതുകാലിലെ നാലും വിരലുകളാണ് നീക്കിയത്. ജില്ലതല മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ആശുപത്രിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും സ്ഥിതി ഗുരുതരമായപ്പോള്‍ വിദഗ്ദ ചികിത്സ നൽകുന്നതിൽ കാലതാമസം സംഭവിച്ചുവെന്നുമാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളിയിരുന്നു. 

പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പിന്‍റെ ഉന്നത സമിതിയെ നിയോഗിച്ചെങ്കിലും ഇതുവരെ നീതികിട്ടിയില്ലെന്ന് നീതു പറയുന്നു. ക്ലിനിക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനീതിയാണെന്ന് നീതു കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ആശുപത്രി തുറന്നെങ്കിലും പരാതി കൊടുത്തതിന് പിന്നാലെ വീണ്ടും അടച്ചു. നിലവിൽ വിരലുകൾക്ക് ഫിസിയോതെറാപ്പി ചികിത്സയിലാണ് നീതു. ഹോസ്പിറ്റലിനെതിരെ നീതുവിന്‍റെ ഭർത്താവ് നൽകിയ പരാതിയിൽ തുമ്പ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. 

YouTube video player