50 ലക്ഷം രൂപ ഇയാളോട് ആവശ്യപ്പെട്ട് യുവതി മൂന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കിയെടുത്തുവെന്ന് പൊലീസ് പറയുന്നു.

തൃശ്ശൂര്‍: കുന്നംകുളത്ത് വൃദ്ധനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷണക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. 71 വയസ്സുള്ള ആളിൽ നിന്നുമാണ് യുവതി പണം തട്ടിയത്. വൃദ്ധൻ്റെ നഗ്നചിത്രങ്ങൾ പകര്‍ത്തിയ യുവതി ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. 50 ലക്ഷം രൂപ ഇയാളോട് ആവശ്യപ്പെട്ട് യുവതി മൂന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കിയെടുത്തുവെന്ന് പൊലീസ് പറയുന്നു. വൃദ്ധൻ്റെ പരാതിയിൽ പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി 35 വയസ്സുള്ള രാജിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. 

സുഹൃത്ത് വഴിയാണ് ചാവക്കാട് സ്വദേശിയായ 71കാരൻ രാജിയെ പരിചയപ്പെടുന്നത്. കൂടുതൽ അടുത്തതോടെ ഇയാളെ കുന്നംകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ രാജി വിളിച്ചു വരുത്തി, ഒപ്പമുള്ള നഗ്ന ദൃശ്യങ്ങൾ പക‍ർത്തി. ഇവ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ടു. മൂന്ന് ലക്ഷം രൂപ കൊടുത്തു. 50 വർഷത്തോളമായി ഗൾഫിലായിരുന്ന പരാതിക്കാരന്റെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയാണ് പ്രതികൾ എഴുപത്തി ഒന്നുകാരനെ ഹണിട്രാപ്പിൽ കുടുക്കാൻ തീരുമാനിച്ചത്. പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് 71കാരൻ പൊലീസിൽ പരാതി നൽകിയത്. പെരുമ്പിലാവ് സ്വദേശി മുപ്പത്തിയഞ്ചുകാരിയായ രാജി രണ്ടാം പ്രതിയാണ്. കേസിലെ മുഖ്യസൂത്രധാരൻ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

പൊലീസ് തടഞ്ഞതിനെ തുടർന്ന് യുവാവിന്റെ പിഎസ്‍സി പരീക്ഷ മുടങ്ങിയ സംഭവം; വീഴ്ച ശരിവച്ച് ഡിസിപി

കോഴിക്കോട്: കോഴിക്കോട് പൊലീസ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് യുവാവിന് പിഎസ്‍സി പരീക്ഷക്ക് അവസരം നഷ്ടപ്പെട്ട സംഭവത്തില്‍ വീഴ്ച ശരിവെച്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ 22 നാണ് പിഎസ്‍സി പരീക്ഷ എഴുതാന്‍ പോവുകയായിരുന്ന രാമനാട്ടുകര സ്വദേശി അരുണിനെ ഗതാഗത നിയമംലംഘിച്ചെന്ന പേരിലാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. പരീക്ഷ എഴുതാന്‍ പോവുകയാണെന്നറിയിച്ചിട്ടും സിപിഒ വഴങ്ങിയില്ല. ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുത്ത ശേഷം ഫറോക്ക് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. പിന്നീട് സ്റ്റേഷനിലെത്തിയപ്പോള്‍ കാര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ ഗ്രേഡ് എസ്ഐ അരുണിനെ ഉടന്‍ പൊലീസ് വാഹനത്തില്‍ തന്നെ പരീക്ഷ കേന്ദ്രത്തിലെത്തിച്ചു. പക്ഷേ, അപ്പോഴേക്കും പരീക്ഷ സമയം കഴിഞ്ഞതോടെ അരുണിന്‍റെ അവസരം നഷ്ടമാവുകയായിരുന്നു.