യുവതിയുടെ ഭര്‍ത്താവിനെതിരെയും കുടുംബാഗങ്ങൾക്കെതിരെയും ഗൗരവകരമായ വകുപ്പുകൾ ചുമത്തുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്നാണ് കമ്മീഷന്റെ വിമർശനം. 

എറണാകുളം: ആലങ്ങാട് ഗര്‍ഭിണിയായ യുവതിയെ സ്ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീട്ടുകാർ മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ വനിതാ കമ്മീഷൻ. കേസിൽ പ്രതികൾക്കെതിരെ ഗൗരവരമുള്ള വകുപ്പ് ചേര്‍ത്തില്ലെന്നും ഇക്കാര്യത്തിൽ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്നും കമ്മീഷൻ അംഗങ്ങൾ അറിയിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ ഷിജി ശിവജി, അഡ്വ എം എസ് താര എന്നിവർ പൊലീസിനെതിരെ രംഗത്തെത്തിയത്. 

യുവതിയുടെ ഭര്‍ത്താവിനെതിരെയും കുടുംബാഗങ്ങൾക്കെതിരെയും ഗൗരവകരമായ വകുപ്പുകൾ ചുമത്തുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്നാണ് കമ്മീഷന്‍റെ വിമർശനം. കഴിഞ്ഞ ജൂണ്‍ 30 നാണ് ഭര്‍തൃവീട്ടിൽ വെച്ച് ഗര്‍ഭിണിയായ യുവതിയെയും യുവതിയുടെ പിതാവിനെയും ജൗഹറും വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. സ്ത്രീധനമായി നൽകിയ 10 ലക്ഷത്തിന് പുറമേ കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ജൗഹറിനെയും സുഹൃത്ത് സഹലിനെയും ഇന്നലെ വൈകുന്നേരമാണ് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജൗഹറിന്‍റെ അമ്മ സുബൈദ, സഹോദരിമാരായ ഷബീന, ഷറീന ജൗഹറിന്‍റെ സുഹൃത്ത് മുഹതാസ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് ആലങ്ങാട് പൊലീസ് അറിയിച്ചു.