കഴിഞ്ഞ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വെടിക്കെട്ട് ഒരുക്കിയത് ഒരു വനിതയായിരുന്നു, ഷീന... തൃശൂര്‍ പൂരത്തിന്‍റെ 225 വര്‍ഷ ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു ഇത്. അതിന്‍െ്‌റ ചുവടു പിടിച്ച് ഇതാ കൂടുതല്‍ വനിതകള്‍ രംഗത്തേക്ക്.

തൃശൂര്‍: പൂരം എന്ന് പറഞ്ഞാല്‍ അത് പുരുഷാരത്തിന്‍റെ ആഘോഷം എന്നാണ് വെപ്പ്. പൂരത്തിന്‍റെ സകല ഒരുക്കത്തിലും ആദ്യാവസാനം ആണ്‍കോയ്മയാണ് കാണാന്‍ കഴിയുക. ആനപ്പുറത്ത് കയറി വെഞ്ചാമരം ആലവട്ടം വീശലായാലും പ്രസിദ്ധമായ കുടമാറ്റത്തിന് കുട ഉയര്‍ത്തുന്നതായാലും വെടിക്കെട്ട് ആയാലും മേളമായാലും എല്ലാം പുരുഷ മേധാവിത്വം. ഇവയെല്ലാം ഉണ്ടാക്കുന്നതും പുരുഷന്മാര്‍ തന്നെ. എന്നാല്‍ മാറ്റമില്ലാത്തത് മാറ്റത്തിന് എന്ന് പറഞ്ഞപോലെ പൂരവും മാറുകയാണ്. വനിതകള്‍ പല രംഗത്തേക്കും എത്തുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കഴിഞ്ഞ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വെടിക്കെട്ട് ഒരുക്കിയത് ഒരു വനിതയായിരുന്നു, ഷീന... തൃശൂര്‍ പൂരത്തിന്‍റെ 225 വര്‍ഷ ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു ഇത്. അതിന്‍െ്‌റ ചുവടു പിടിച്ച് ഇതാ കൂടുതല്‍ വനിതകള്‍ രംഗത്തേക്ക്.

പൂരത്തിന് മുത്തുകുടകളും ആലവട്ടവും വെഞ്ചാമരവും അണിയറയിലൊരുങ്ങുമ്പോള്‍ ഇത്തവണ പെണ്‍കൈകളുണ്ട് കുടകളില്‍ മിനുക്കുപണികള്‍ തുന്നിച്ചേര്‍ക്കാന്‍. പുരുഷന്മാര്‍ വാണിരുന്ന ചമയ പണിപ്പുരയിലെത്തിയ സന്തോഷത്തിലാണ് ഫാഷന്‍ ഡിനൈസര്‍മാരായ വിനീതയും സ്‌നേഹയും നജ്മയും. ഇവരാണ് പാറമേക്കാവ് വിഭാഗത്തിനായി വര്‍ണനൂലു നെയ്യുന്നത്. കുടകളുടെ തണ്ടില്‍ അലങ്കാരപ്പണികള്‍ ചെയ്യുന്ന ഇവര്‍ക്ക് ഉടനെ കുടനിര്‍മാണ ചുമതലയും നല്‍കും. ആദ്യമായാണ് വനിതകള്‍ ഈ രംഗത്തെത്തുന്നത്.

സമസ്തമേഖലയിലും വനിതകളുടെ ചുവടുവെയ്പ്പുണ്ടാകുമെന്ന് അടിവരയിട്ടാണ് ഫാഷന്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കിയ യുവതികള്‍ പുതിയ വെല്ലുവിളി നെഞ്ചേറ്റുന്നത്. രണ്ടുവര്‍ഷമായി അലങ്കാരതുന്നല്‍ പണികളിലേര്‍പ്പെട്ടിരുന്ന സ്‌നേഹയ്ക്ക് കുടനിര്‍മാണത്തിലും നിറഞ്ഞ ആത്മവിശ്വാസമാണ്. നജ്മയ്ക്ക് തുടക്കത്തിലെ ആശങ്ക മാറിയതോടെ നിര്‍മാണപ്രവൃത്തികള്‍ക്ക് വേഗമേറി. കുടകളുടെ പാനലുകളും ഇവര്‍ അനായാസമായി കൈകാര്യം ചെയ്യും. ഒരാഴ്ച്ചയായി ഇരുവരും പാറമേക്കാവ് അഗ്രശാലയിലെ നിര്‍മാണകേന്ദ്രത്തില്‍ സജീവമാണ്. കുടശീലകള്‍ ഞൊറിഞ്ഞെടുത്ത് ക്രമത്തിലാക്കി കൈ കൊണ്ടു തുന്നിപ്പിടിപ്പിക്കുന്ന രീതിയാണ്. ഞൊറി വിടര്‍ത്തുമ്പോള്‍ ചുളിവുകളില്ലാതെ കുട വിടരണം. ചെറിയ ചുളിവ് വന്നാല്‍ അത് എടുത്തുകാട്ടും. അതീവശ്രദ്ധയോടെയാണ് നിര്‍മാണമെന്ന് ദീര്‍ഘകാലമായി കുടനിര്‍മാണത്തിനു നേതൃത്വം നല്‍കുന്ന വസന്തന്‍ കുന്നത്തങ്ങാടി പറഞ്ഞു. ഒരു കുട നിര്‍മിക്കാന്‍ രണ്ടുദിവസമെങ്കിലുമെടുക്കും. 44 വര്‍ഷമായി വസന്തന്‍ പാറമേക്കാവിനായി രംഗത്തുണ്ട്. രണ്ടുമാസം മുമ്പ് രാപ്പകല്‍ പണികളാണ്. 22 പേരാണുള്ളത്.

ഗുരുവായൂര്‍ നന്ദന്‍, തിരുവമ്പാടി ചന്ദ്രശേഖരന്‍, പാറമേക്കാവ് കാശിനാഥന്‍.... പൂരത്തിന് കൊമ്പന്മാര്‍ തയ്യാര്‍

15 ആനകളാണ് ഒരു വിഭാഗത്തില്‍ അണിനിരക്കുക. കൊമ്പന്മാരുടെ അഴകിനു അലുക്കിടാന്‍ ആനപ്പുറമേറുക 40 സെറ്റിലധികം കുടകളാണ്. 600 ല്‍ പരം കുടകള്‍ നിര്‍മിക്കണം. കോലമേന്തുന്ന ആനയ്ക്ക് പ്രത്യേക കുടകളാണ് ഒരുക്കുക. പുറമേ സ്‌പെഷല്‍ കുടകളും അണിയറയില്‍ സജ്ജീകരിക്കുന്നുണ്ട്.

തൃശുര്‍ പൂരത്തിന്‍റെ മാലിന്യം ശേഖരിക്കാന്‍ വല്ലങ്ങള്‍ വടക്കാഞ്ചേരിയില്‍നിന്ന്