തൃശ്ശൂർ: സ്വകാര്യ ലാബിൽ നിന്ന് ലഭിച്ച തെറ്റായ റിപ്പോർട്ടിനെതിരെ വീട്ടമ്മ നിയമ നടപടിക്ക് ഒരുങ്ങുന്നു. തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി പുഷ്പലതയ്ക്കാണ് ക്യാൻസർ രോഗമെന്ന പേരിൽ സ്വകാര്യ മെഡിക്കൽ ലാബ് റിപ്പോർട്ട് നൽകിയത്. 

വയറില്‍ അസ്വാഭാവികമായ ഒരു തടിപ്പ് കണ്ടപ്പോഴാണ് പുഷ്പലത തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ കണ്ടത്. ഡോക്ടറുടെ നിര്ദേശപ്രകാരം വാടാനപ്പിള്ളിയിലെ സ്വകാര്യ ലാബിലെത്തി സ്കാൻ ചെയ്തു.

വയറിൽ ക്യാൻസറെന്നായിരുന്നു ലാബ് റിപ്പോർട്ട്. ഭയന്ന പുഷ്‌പലത തൃശ്ശൂരിലെ അമല കാൻസർ സെന്ററിൽ എത്തി ഡോ മോഹൻദാസിനെ കണ്ടു. എന്നാൽ ലാബ് റിപ്പോർട്ടിൽ സംശയമുണ്ടെന്നും ഒരിക്കൽ കൂടി പരിശോധിക്കണമെന്നും ഡോക്ടർ പറഞ്ഞു.

ഡോക്ടറുടെ നിർദ്ദേശപ്രകാരം മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോൾ ക്യാൻസറല്ലെന്ന് തെളിഞ്ഞു.  വയറില്‍ കൊഴുപ്പടിഞ്ഞു കൂടിയതായിരുന്നു. വാടാനപ്പള്ളിയിലെ സ്വകാര്യ ലാബിന്റെ അനാസ്ഥ മൂലം കുടുംബം മുഴുവൻ അനുഭവിച്ചത് കടുത്ത മാനസികപ്രയാസമായിരുന്നു.

ലാബിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് പുഷ്‌പലതയുടെ കുടുംബം. അതേസമയം തെറ്റുപറ്റിയിട്ടില്ലെന്നാണ് സെൻട്രൽ ലാബ് അധികൃതരുടെ വിശദീകരണം.