2024 പടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം.. ഈ വര്‍ഷം തീര്‍ന്നു പോകുമ്പോഴും മറന്നു പോകാന്‍ പാടില്ലാത്ത ചില സ്ത്രീകളെക്കുറിച്ച്... 

കേരളക്കരയാകെ പെണ്‍ശബ്ദങ്ങളാല്‍ നിറഞ്ഞു കേട്ട വര്‍ഷമാണ് കടന്നു പോകുന്നത്. മലയാള സിനിമാ മേഖലയെ ആകെ ഇളക്കി മറിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും, അതിനു പിന്നാലെ വന്ന എ എം എം എയിലെ അംഗങ്ങളെ പിരിച്ചു വിട്ട സംഭവവുമൊക്കെ പെണ്‍കരുത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. ഇത് കൂടാതെ ഇതിന് നാന്ദി കുറിച്ച ആക്രമിക്കപ്പെട്ട നടിയും ദിനേന പോരാട്ടങ്ങള്‍ നടത്തി വരികയാണ്. ചൂരല്‍മലയിലെ അപകടത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിയെ ഇന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് മലയാളികള്‍ നോക്കിക്കാണുന്നത്. 2024 ല്‍ കേരളത്തിലെ വാര്‍ത്തകളില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞു നിന്ന സ്ത്രീകളെക്കുറിച്ച്...


ജസ്റ്റിസ് ഹേമ

മലയാള സിനിമാ ലോകത്തെയാകെ പിടിച്ചുലച്ച പേരാണ് ജസ്റ്റിസ് ഹേമയുടേത്. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിന് വേണ്ടി ജസ്റ്റിസ് ഹേമ അധ്യക്ഷനായിരുന്ന ബെഞ്ചാണ് അന്വേഷണം നടത്തിയത്. നടന്‍ സിദ്ധിക്കും ജയസൂര്യയുമുള്‍പ്പെടെ സിനിമാ മേഖലയിലെ പലര്‍ക്കുമെതിരെ പരാതികളും പരാമര്‍ശങ്ങളും ഉയര്‍ന്നു. കേരളാ മോഡലിനെ പിന്തുടര്‍ന്ന് കന്നഡ സിനിമയില്‍ പോഷ് കമ്മിറ്റി രൂപീകരിക്കുകയും തമിഴ്നാട് സിനിമാ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയുമാണ്.

ഡബ്ല്യൂസിസി (WCC)

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവകാശത്തിനു വേണ്ടി നിര്‍മിക്കപ്പെട്ടതാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന ഈ സംഘടന. 2017 നവംബര്‍ 1 ന് ആണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ഈ വര്‍ഷവും ഡബ്ല്യൂസിസി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു വേണ്ടി കോടതി കയറിയിറങ്ങി, നിയമ പോരാട്ടങ്ങള്‍ നടത്തി. ഈ വര്‍ഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങിയതും, പല പ്രമുഖരുള്‍പ്പെടെ കുടുങ്ങിയതും. വലിയ വെല്ലുവിളികളും എതിര്‍പ്പുകളുമുണ്ടായിട്ടും തങ്ങളുടെ ആവശ്യങ്ങളള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി നിലയുറച്ചു നിന്ന ഒരുപറ്റം സ്ത്രീകള്‍..

മറിയക്കുട്ടി

ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് അടിമാലി ടൗണില്‍ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ച മറിയക്കുട്ടിയെ അങ്ങനെയൊന്നും ആരും മറക്കാന്‍ വഴിയില്ല. 'മജിസ്ട്രേറ്റ് മറിയക്കുട്ടി'എന്നാണ് ഇപ്പോള്‍ ഇവരെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. സംഭവം വൈറലായതോടെ മറിയക്കുട്ടിക്ക് കെപിസിസി വീട് വച്ച് നല്‍കിയിരുന്നു. 

ശ്രുതി 

ചൂരൽ മലയിലെ മണ്ണിടിച്ചിലിൽ ഉറ്റവരെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയും ഈ വർഷം സ്ക്രീനിൽ നിറഞ്ഞു നിന്നിരുന്നു. അച്ഛനുമമ്മയുമടക്കം ഒൻപത് പേരെ ഉരുൾ പൊട്ടലിലും വാഹനാപകടത്തിൽപ്പെട്ട് പ്രതിശ്രുത വരൻ ജെൻസണെയും ശ്രുതിയ്ക്ക് നഷ്ടമായി. നിലവിൽ റവന്യൂ വകുപ്പിൽ ക്ലർക്ക് ആയി ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഒരുപാട് പേരാണ് ശ്രുതിക്ക് ആശ്വാസ വാക്കുകളുമായെത്തി.

കനി കുസൃതി, ദിവ്യ പ്രഭ 

അന്താരാഷ്ട്ര വേദിയായ കാൻ ഫിലിം ഫെസ്റ്റിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ' ന്റെ കേന്ദ്ര കഥാപാത്രങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന ചരിത്ര നിമിഷം കൂടിയാണ് സമ്മാനിച്ചത്. രണ്ട് സ്ത്രീകളുടെ ജീവിതത്തിലൂടെ സംഭവിക്കുന്ന കഥ കേരളത്തിന്റെ ഐ എഫ് എഫ് കെ വേദിയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ ഐ എഫ് എഫ് കെയില്‍ 'സ്പിരിറ്റ് ഓഫ് സിനിമ 'അവാര്‍ഡും സിനിമ നേടി. 


ആശ ശോഭന, സജന സജീവൻ

ഇത്തവണത്തെ വനിതാ ട്വന്റി 20 ടീമില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന, വയനാട് മാനന്തവാട‌ി സ്വദേശിനി സജന സജീവൻ എന്നിവരുടെ പേരുകളും നമ്മള്‍ മറന്നു പോകാന്‍ പാടില്ലാത്തതാണ്. കിരീടം നേടാനായില്ലെങ്കിലും ഇന്ത്യെ ആറാം സ്ഥാനത്ത് എത്തിച്ചതിലും കേരളത്തിന്റെ അഭിമാനമാകാന്‍ ഇവര്‍ക്ക് കഴിഞ്ഞു.