Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ നിന്നും തട്ടിക്കൊണ്ടു പോയ യുവതിയെ വടക്കാഞ്ചേരിയിൽ കണ്ടെത്തി, പിന്നിൽ സ്വര്‍ണക്കടത്ത് സംഘം ?

സ്വർണ്ണക്കടത്ത് സംഘവുമായുള്ള ധാരണ തെറ്റിയതാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിന്ദു സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയറായിരുന്നുവെന്നാണ് സംശയിക്കുന്നത്. 

women who kidnapped from alappuzha found in vadakkamchery
Author
Mannar, First Published Feb 22, 2021, 2:40 PM IST

പാലക്കാട്:  ആലപ്പുഴ മാന്നാറിൽ നിന്നും സ്വർണക്കടത്ത് സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടു പോയ യുവതിയെ കണ്ടെത്തി. പാലക്കാട് വടക്കാഞ്ചേരിയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ അക്രമി സംഘം യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നുവെന്നാണ് സൂചന. 

ആലപ്പുഴ കുരുട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് ഇന്ന് പുലര്‍ച്ചെ പതിനഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കുളളിൽ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവര്‍ക്കായി അന്വേഷണം വ്യാപകമാക്കിയതിനെ പിന്നാലെയാണ് ബിന്ദുവിനെ വിട്ടയച്ച് അക്രമിസംഘം രക്ഷപ്പെട്ടത്.  സ്വർണ്ണക്കടത്ത് സംഘവുമായുള്ള ധാരണ തെറ്റിയതാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിന്ദു സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയറായിരുന്നുവെന്നാണ് സംശയിക്കുന്നത്. 

നാലുവർഷമായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു ബിന്ദുവും ഭർത്താവ് ബിനോയിയും എട്ട് മാസം മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്. ഇതിനിടെ മൂന്നുതവണ ബിന്ദു വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പോയി. ഒടുവിൽ ഇക്കഴിഞ്ഞ 19-നാണ് ഇവര്‍ നാട്ടിലെത്തിയത്. അന്നു തന്നെ കുറച്ചാളുകൾ വീട്ടിലെത്തി ബിന്ദുവിനോട് സ്വർണം ആവശ്യപ്പെട്ടിരുന്നു.

സ്വർണ്ണം ലഭിക്കാതിരുന്ന സംഘം ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കൂടുതൽ ആളുകളുമായെത്തി വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചു ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് സംഘമാണെന്നാണ് പ്രാഥമിക നിഗമനം. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ബിന്ദുവിന്റെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബിന്ദുവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിന് പ്രാദേശികമായ സഹായങ്ങളും ലഭിച്ചിട്ടുണ്ടോയെന്നും  പോലീസ് സംശയിക്കുന്നു.

Follow Us:
Download App:
  • android
  • ios