തൃശ്ശൂർ: തൃശ്ശൂർ പുത്തൂർ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വനിത കമ്മീഷൻ റിപ്പോർട്ട് തേടി. സിറ്റി പൊലീസ് കമ്മീഷണറോട് കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. ലൈഫ് മിഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നുവെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഖരാവോ ചെയ്തതിനെ തുടർന്ന്  സി എൻ സിമി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. വിഷയം സംബന്ധിച്ച് ഒല്ലൂർ സിഐയോട് കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി നേരിൽ വിളിച്ചു വിശദാംശങ്ങൾ ആരാഞ്ഞിരുന്നു.

സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണി കൃഷ്ണൻ, അംഗങ്ങളായ പി ജി ഷാജി, കെ എൻ ശിവൻ, ഗോപി എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് ഒല്ലൂർ പൊലീസ് കേസ് എടുത്തത്. സംഘം ചേരൽ, തടഞ്ഞ് വെക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 

ഇന്നലെ വൈകീട്ടാണ് പുത്തൂർ വില്ലേജ് ഓഫീസർ സിനി ഓഫീസിൽ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ലൈഫ് മിഷൻ പദ്ധതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ വരുമാന സര്‍ട്ടിഫിക്കറ്റ്  പുത്തൂര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടുന്നില്ലെന്ന് ആരോപിച്ച്  പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിൽ സിപി എമ്മിനെ വിമർശിച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. പ്രളയ കാല തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിന്റ് വൈരാഗ്യം സിപിഎം പ്രവർത്തകർ തീർത്തതാണെന്ന് ബിജെപി ആരോപിച്ചു.എന്നാൽ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് തെറ്റില്ലെന്നാണ് സിപിഎം നിലപാട്.