തിരുവനന്തപുരം: വെൽഫെയർ പാർട്ടി - യുഡിഎഫ് ബന്ധത്തിൽ പിണറായി സർക്കാരിന് പൂർണ പിന്തുണയുമായെത്തിയ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ തള്ളി സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ ആരെയും അനുവദിക്കില്ലെന്ന്  അദ്ദേഹം പറഞ്ഞു. സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സമസ്തയുടെ പരമാധികാര ബോഡി  മുശാവറയാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ സംഘടനയുടെ പേരില്‍ ചാര്‍ത്തരുത്. സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡന്റോ ജനറല്‍ സെക്രട്ടരിയോ അറിയിക്കും. വ്യക്തികളുടെ അഭിപ്രായങ്ങൾ സമസ്തയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

മുസ്ളീം സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നതെന്നായിരുന്നു സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം. മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത അതിന് എതിരാണ്. കോഴിക്കോട് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും ജമാ അത്തിനെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജമാഅത്തിനെ കൂട്ടുപിടിച്ചാൽ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ എതിർക്കുമെന്നും വ്യക്തമാക്കി.

കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടി ജമാഅത്തെ ഇസ്ലാമിയെ മാറ്റി നിർത്തിയാണ് നടന്നത്. നിലവിലുള്ള വെൽഫയർ പാർട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മാതൃ സംഘടനയായ ജമാ അത്തെ ഇസ്ലാമിയെ യോഗത്തിൽ നിന്ന് മുഖ്യമന്ത്രി മാറ്റി നിർത്തിയത്. എസ്ഡിപിഐയെയും മാറ്റിനിർത്തി. ലീഗുമായി അടുപ്പം പുലർത്തുന്ന ഇകെ സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ നേതാക്കളെ യോഗത്തിന് ക്ഷണിച്ചിരുന്നു.