മുൻപ് വേമ്പനാട്ട് കായലിന് സമീപം മാത്രം കണ്ടിരുന്ന എത്രയോ പക്ഷികൾ ഇന്ന് മറ്റ് സ്ഥലങ്ങളിലുമെത്തുന്നു. ഈ സാഹചര്യത്തിലാണ് ദേശാടനപ്പക്ഷികളെക്കുറിച്ച് സംസ്ഥാനത്ത് റിംഗ് പഠനം നടത്തണമെന്ന് പ്രകൃതി സ്നേഹികളും പക്ഷി നിരീക്ഷകരും ആവശ്യപ്പെടുന്നത്.
വരി എരണ്ട, വാലൻ എരണ്ട,ഫെമിംഗോ തുടങ്ങി അക്കരെ നിന്നെത്തി മലയാളികളുടെ മനം കവർന്ന ഇഷ്ട പക്ഷികൾ ഏറെയാണ്. ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള ദേശാടനപ്പക്ഷികളുടെ യാത്രയും ജീവിതവും ശാസ്ത്ര ലോകത്തിന് ഇന്നും അത്ഭുതം. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള മനുഷ്യന്റെ പ്രവർത്തികളും കാലാവസ്ഥാ വ്യതിയാനങ്ങളും ദേശാടനപ്പക്ഷികളുടെ യാത്രകളിലും താവളങ്ങളിലും മാറ്റങ്ങൾ വരുത്തി. യൂറേഷ്യൻ ബ്ലാക്ക് ക്യാപ് (EURASIAN BLACK CAP), സ്പോട്ടട് ഫ്ലൈ ക്യാച്ചർ (SPOTTED FLY CATCHER) തുടങ്ങി മുൻപ് കണ്ടിട്ടില്ലാത്ത പക്ഷികൾ ഇപ്പോൾ കേരളത്തിലെത്തി തുടങ്ങി. മുൻപ് വേമ്പനാട്ട് കായലിന് സമീപം മാത്രം കണ്ടിരുന്ന എത്രയോ പക്ഷികൾ ഇന്ന് മറ്റ് സ്ഥലങ്ങളിലുമെത്തുന്നു. ഈ സാഹചര്യത്തിലാണ് ദേശാടനപ്പക്ഷികളെക്കുറിച്ച് സംസ്ഥാനത്ത് റിംഗ് പഠനം നടത്തണമെന്ന് പ്രകൃതി സ്നേഹികളും പക്ഷി നിരീക്ഷകരും ആവശ്യപ്പെടുന്നത്.
എന്താണ് റിംഗ് പഠനം ?
പക്ഷികളുടെ യാത്ര,താവളങ്ങൾ, സംസ്ഥാനത്ത് ഇവ ചിലവിടുന്ന സമയം തുടങ്ങിയവ റിംഗ് സർവേയിലൂടെ കണ്ടെത്തിയാൽ ശാസ്ത്ര ലോകത്തിന് അത് മുതൽക്കൂട്ടാകും. പക്ഷികളുടെ ശരീര ഭാഗങ്ങളിൽ റിംഗ് അഥവാ ചെറിയ വളയം സ്ഥാപിച്ച് അതിലൂടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്നതും പിന്നീട് ഇവ പഠനത്തിന് ഉപയോഗിക്കുന്നതുമാണ് റിംഗ് പഠന രീതി. ചെറിയ പക്ഷികളാണെങ്കിൽ കാലുകളിലോ, താറാവ് പോലെ വലിപ്പമുള്ള പക്ഷികളാണെങ്കിൽ കഴുത്തിലോ, വലിപ്പമേറിയ പക്ഷികളിൽ ചിറകിനടിയിലുമെല്ലാമാണ് റിംഗ് സ്ഥാപിക്കുന്നത്. ഓരോ റിംഗിനും ഒരു നന്പർ നൽകുന്നതാണ് ആദ്യ രീതി. പക്ഷിയുടെ വലിപ്പം , തൂക്കം. കൊക്കിന്റെ വലിപ്പം, കാല്, നഖം എന്നിവയുടെ വലിപ്പം, മറ്റ് ശരീര സവിശേഷതകളെല്ലാം രേഖപ്പെടുത്തി ഒരു ഡാറ്റാബേസ് സൂക്ഷിക്കും. പിന്നീട് ഈ പക്ഷിയെ ഏത് രാജ്യത്ത് നിന്നും കണ്ടെത്തിയാലും റിംഗിലെ നന്പറിലൂടെ ഇനത്തെക്കുറിച്ചും മറ്റ് വിവരങ്ങളും ശേഖരിക്കാം. ഉദാഹരണത്തിന് ഇന്ന് കേരളത്തിൽ റിംഗ് മാർക്ക് ചെയ്ത പക്ഷിയെ 15 വർഷങ്ങൾക്കു ശേഷം മറ്റൊരു രാജ്യത്ത് നിന്ന് കണ്ടെത്തിയാൽ പക്ഷിയുടെ ആയുർ ദൈർഘ്യമുൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തത വരും.
ജിപിഎസ് സംവിധാനമുപയോഗിച്ച് റിംഗുകളിലൂടെ ഒരു പക്ഷി ജീവിതത്തിലുടനീളം സഞ്ചരിക്കുന്ന ദിശ, രാജ്യങ്ങൾ എന്നിവ ശേഖരിക്കാൻ കഴിയുമെന്നും കേരള കാർഷിക സർവകലാശാല കോളേജ് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവിയോൺമെന്‍റ് സയൻസ് (College Of Climate Change And Environmental Sciences) വിഭാഗത്തിലെ ഡീൻ ഡോ പി ഒ നമീർ ചൂണ്ടിക്കാട്ടുന്നു. 2015 ൽ സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ റിംഗ് പഠനത്തിന്റെ ആവശ്യം കേരള കാർഷിക സർവകലാശാല വനം വകുപ്പിന് സമർപ്പിച്ചതാണ്. എന്നാൽ പിന്നീട് ഇത് മുന്നോട്ട് പോയില്ല.രാജ്യത്ത് ബോംബെ നാച്യുറൽ ഹിസ്റ്ററി സൊസൈറ്റി (BOMBAY NATURAL HISTORY SOCIETY) യും ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WILD LIFE INSTITUTE OF INDIA) യുമാണ് റിംഗ് പഠനം നടത്താൻ പ്രാപ്തരായ സ്ഥാപനങ്ങൾ. ഇവരുടെ സേവനം ഉപയോഗപ്പെടുത്താൻ സർക്കാർ തയ്യാറാവണമെന്നാണ് പ്രകൃതി സ്നേഹികളുടേയും പക്ഷി നിരീക്ഷകരുടേയും ആവശ്യം.
കേരളത്തിന് താത്കാലിക ആശ്വാസം: 5000 കോടി വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകി
