ഗട്ടറിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ പാതയിലെ കുഴികളടയ്ക്കാന്‍ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിലടക്കംതുടർ നടപടികളും നിർദേശങ്ങളും ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമ്പാശേരിക്കടുത്ത് ഗട്ടറിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ പാതയിലെ കുഴികളടയ്ക്കാന്‍ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിലടക്കം കോടതിയുടെ തുടർ നടപടികളും നിർദേശങ്ങളും ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ കുഴികളടയ്ക്കുന്നത് പശവെച്ചാണോയെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ ഹാഷിം പിന്നാലെ വന്ന വാഹനമിടിച്ച് മരിച്ചത്. കൊടും വളവിലെ ഭീമൻ കുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ദേശീയപാതയുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകട മരണമാണ് ഹാഷിമിന്റേത്.

ഈ അപകടത്തിന് പിന്നാലെയുണ്ടായ ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉന്നയിച്ചിരുന്നു. റോഡിലെ കുഴികള്‍ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷവും തമ്മിലുള്ള വാക്പോരിനാണ് ഇത് തുടക്കം കുറിച്ചത്. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുത് എന്നാണ് അഭിപ്രായമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല.

ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു. എന്നാല്‍, റോഡിലെ കുഴി കണ്ടാലറിയാം സർക്കാരിന്റെ പ്രവർത്തനമെന്നാണ് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചത്. റോഡിലെ കുഴിയടക്കാൻ പണമില്ല. ഇങ്ങനെ പോയാൽ അടിയന്തര പ്രക്ഷോഭം നടത്തേണ്ടി വരും. പ്രവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ഹാഷിമിന്റെ മരണത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയെ കുറ്റപ്പെടുത്തിയ, മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നു. നിരത്തിലെ കുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് മുഹമ്മദ് റിയാസിന്‍റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലും മരിക്കുന്നത് മനുഷ്യർ തന്നെയാണ്. പൊതുമരാമത്ത് വകുപ്പിൽ എൻഎച്ച് വിഭാഗം ചീഫ് എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ട്. റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. നിറയെ കുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

റോഡിലെ 'വെള്ളക്കെട്ട് സ്വിമ്മിംഗ് പൂളാക്കി' നാട്ടുകാര്‍; ദാ എത്തി എംഎല്‍എയും! വാഴ നടണമെന്ന് ഉപദേശം

റോഡിലെ കുഴി; ദേശീയപാതയുടെ ഏറിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനെന്ന് മന്ത്രി, പ്രതിപക്ഷനേതാവിന് മറുപടിയും