Asianet News MalayalamAsianet News Malayalam

'കളിപ്പേര്' വിളിച്ച് അപമാനിച്ച സംഭവം; ശബരീനാഥനോട് ക്ഷമാപണം നടത്തി ബെന്യാമിന്‍

കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കന്മാരെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു വാക്പോര് ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ബെന്യാമിന്‍റെ ഖേദപ്രകടനം.

Writer Benyamin seeks apology from K S Sabarinathan for use of insulting name a year ago
Author
Pandalam, First Published Feb 1, 2021, 8:52 PM IST

കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്‍ എംഎല്‍എയുമായി നടന്ന വാക്പോരിലെ പരാമര്‍ശം വ്യാപകമായി പരിഹസിക്കാന്‍ ഉപയോഗിക്കുന്നതിന് കാരണമായതില്‍ ഖേദപ്രകടനവുമായി  സാഹിത്യകാരന്‍ ബെന്യാമിന്‍. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കന്മാരെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു വാക്പോര് ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ബെന്യാമിന്‍റെ ഖേദപ്രകടനം.

കഴിഞ്ഞ വർഷം താനും ശബരീനാഥൻ എംഎൽഎയും തമ്മിൽ ഉണ്ടായ കടുത്ത വാക് പയറ്റ് ചിലരെങ്കിലും ഓർക്കുന്നുണ്ടാവുമല്ലോ. അതിനിടയിൽ താൻ തികച്ചും സന്ദർഭവശാൽ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതർക്കത്തിനിടയിൽ അപ്പോൾ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു. 

'തക്കുടുക്കുട്ടാ, കുഞ്ഞേ, വല്ല തരത്തിലും പോയി കളിക്ക്'; ശബരീനാഥന്‍ എംഎല്‍എയോട് ബെന്ന്യാമിന്‍

അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളിൽ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാൽ ആക്ഷേപങ്ങൾ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം. എന്നാൽ അത് ചുമ്മതെ കളിപ്പേരുകൾ വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്‌ന്നു പോകരുത് എന്ന് ആഗ്രഹിക്കുന്നു. 

ഒട്ടും മനപൂർവ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവർത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് തനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതിൽ ശബരിയോട് നിർവ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു. എല്ലാവരും ദയവായി തന്റെ അഭ്യർത്ഥന കൈക്കൊള്ളണമെന്നും അത്തരം വിളിപ്പേരുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും ബെന്യാമിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. 

Follow Us:
Download App:
  • android
  • ios