Asianet News MalayalamAsianet News Malayalam

സാഹിത്യകാരൻ നാരായൻ അന്തരിച്ചു

കൊച്ചിയിലായിരുന്നു അന്ത്യം. കൊവിഡ്  ബാധിതനായി ചികിത്സയിലായിരുന്നു.

writer narayan passed away
Author
Cochin, First Published Aug 16, 2022, 5:06 PM IST

കൊച്ചി: കേരളസാഹിത്യ അക്കാദമി  അവാർഡ് ജേതാവും ദളിത് സാഹിത്യകാരനുമായ നാരായൻ  (82) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. കൊവിഡ്  ബാധിതനായി ചികിത്സയിലായിരുന്നു.

ഇടുക്കി ജില്ലയിലെ കുടയത്തൂരിൽ ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബർ 26 ന് ജനിച്ചു . കുടയത്തൂർ ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പാസ്സായി. തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 1995-ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് അദ്ദേഹത്തിന്റെ പ്രധാന സാഹിത്യസംഭാവന. ആദിവാസി ജീവിതത്തെയും അവർ നേരിടുന്ന പ്രശ്നങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിൽ അദ്ദേഹം സമാനതകളില്ലാത്ത പങ്കാണ് വഹിച്ചത്. 

പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ ഇതിനെ ദലിത് നോവൽ എന്ന നിലയിൽ ശ്രദ്ധേയമാക്കി. കൊച്ചരേത്തി നാരായനെ ​ഗോത്രവർ​ഗവിഭാ​ഗത്തിൽ നിന്നുള്ള ആദ്യ നോവലിസ്റ്റുമാക്കി.  മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം. ലളിതവും എന്നാൽ ശക്തവുമാണ് ആവിഷ്കരണരീതി. കേരള സാഹിത്യ അക്കാദമി പുരസ്കാരം (1999) കൊച്ചരേത്തി (നോവൽ), അബുദാബി ശക്തി അവാർഡ്(1999), തോപ്പിൽ രവി അവാർഡ്(1999) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. 

കൃതികൾ

കൊച്ചരേത്തി (നോവൽ)
ഊരാളിക്കുടി
ചെങ്ങാറും കുട്ടാളും
വന്നല - നോവൽ
നിസ്സഹായന്റെ നിലവിളി (കഥാസമാഹാരം)
ഈ വഴിയിൽ ആളേറെയില്ല (നോവൽ)
പെലമറുത (കഥകൾ)
ആരാണു തോൽക്കുന്നവർ (നോവൽ)

ലതയാണ് ഭാര്യ. രാജേശ്വരി, സിദ്ധാർത്ഥകുമാർ, സന്തോഷ് എന്നിവർ മക്കളാണ്. 

Follow Us:
Download App:
  • android
  • ios