തിരുവനന്തപുരം: പോക്സോ കേസന്വേഷണത്തിൽ വീഴ്ച വരുത്തുന്നത് തടയാൻ എസ്പിമാർക്കും ഡിവൈഎസ്‌പിമാർക്കും പൊലീസ് മേധാവിയുടെ എഴുത്തു പരീക്ഷ. പോക്സോ സംബന്ധിച്ച പരീക്ഷയിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് 15 ദിവസത്തെ നിർബന്ധ പരീശീലനം നൽകും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാൻ നിരവധി ഉത്തരവുകളാണ് പൊലീസ് ആസ്ഥാനത്തു നിന്നും ജില്ലാ പൊലീസ് മേധാവിമാർക്കും പോക്സോ കേസന്വേഷണത്തിന് ചുമതലയുള്ള ഡിവൈഎസ്പിമാ‍ക്കും അയച്ചിട്ടുള്ളത്. എന്നിട്ടും അന്വേഷണത്തിൽ വീഴ്ച വരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പരീക്ഷ നടത്താൻ ഡിജിപി തീരുമാനിച്ചത്. 

കണ്ണൂരിൽ ബിജെപി നേതാവായ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിനുണ്ടായ അനാസ്ഥ ഏറെ വിവാദമായിരുന്നു. ഇതേ തുടർന്നാണ് നടപടി. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് തയ്യാറാക്കിയ 20 ചോദ്യങ്ങള്‍ നാളെ എസ്പിമാ‍ർക്കും, ഡിവൈഎസ്പിമാർ‍ക്കും അയക്കും. നാളെ വൈകുന്നേരം 5.30 വാട്സ് ആപ്പ് വഴിയും വീഡിയോ കോള്‍ വഴിയും ഉത്തരങ്ങള്‍ നൽകാം. 

പോസ്കോ കേസ്, വിചാരണ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. തോൽക്കുന്ന ഉദ്യോഗസ്ഥരെ പോലീസ് ട്രെയിനിംഗ് കോളജിൽ 15 ദിവസത്തെ നിർബന്ധിത പരിശീലനത്തിന് അയക്കാനാണ് തീരുമാനം. എന്നാൽ ഡിജിപിയുടെ ഉത്തരവ് പൊലീസുകാർക്കിടയിൽ കടുത്ത അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. പരീക്ഷക്ക് തെരഞ്ഞെടുത്ത സമയവും പരീശിലനവുമാണ് കാരണം. 

കൊവിഡ് പ്രതിരോധത്തിനായി ജില്ലാ പൊലീസ് മേധാവിമാ‍രും ഡിവൈഎസ്പിമാരുമെല്ലാം വിവിധ ജോലികളിലാണ്. ഇതിനിടയിൽ പരീക്ഷയും പരിശീലനവും നടത്തുന്നതാണ് പ്രശ്നം. എതിർപ്പിനെ അവഗണിച്ച് പരീക്ഷയുമായി മുന്നോട്ട് പോകാൻ കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ പൊലീസ് മേധാവി നിർദ്ദേശിച്ചു.