ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. സർക്കാരുണ്ടാക്കാൻ  ഗവർണറെ കണ്ട് യെദ്യൂരപ്പ ഇന്ന് അവകാശവാദമുന്നയിക്കും. വിമത എംഎൽഎമാർ മുംബൈയിൽ നിന്ന് ഇന്ന് തിരിച്ചെത്തും. സർക്കാർ പരാജയപ്പെട്ടെങ്കിലും ജെഡിഎസ് സഖ്യം തുടരാനാണ് കോൺഗ്രസ്‌ ഹൈക്കമാൻഡ് തീരുമാനം.

വിശ്വാസ വോട്ടെടുപ്പിൽ തോറ്റ് കുമാരസ്വാമി രാജിവച്ചതോടെ, 14 മാസത്തെ ഇടവേളക്ക് ശേഷം ബി എസ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്. കർണാടക നിയമസഭയിൽ 105 എംഎൽഎമാരുമായി വലിയ ഒറ്റക്കക്ഷിയാണ് ബിജെപി.  15 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താൽ, രണ്ട് സ്വതന്ത്രരുടെ പിന്തുണയിൽ ബിജെപിക്ക് കേവലഭൂരിപക്ഷമാകും. അതുകൊണ്ടാണ് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാൻ ബിജെപി തീരുമാനിച്ചത്. ഇതിനായി, ഗവർണർ ഇന്ന് തന്നെ യെദ്യൂരപ്പയെ ക്ഷണിച്ചേക്കും. സത്യപ്രതിജ്ഞ നാളെയാകാനാണ് സാധ്യത.  

Also Read: 'നാടകാന്ത്യം പരാജയം'; കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയ കര്‍'നാടക'ത്തിന്‍റെ നാള്‍വഴികള്‍

സ്ഥിരതയുള്ള സർക്കാരാണ് വാഗ്ദാനമെങ്കിലും, ഉപതെരെഞ്ഞെടുപ്പുകളിലെ ഫലം ബിജെപിക്ക് നിർണായകമാകും. കോൺഗ്രസും ജെഡിഎസും സഖ്യമായി മത്സരിച്ചാൽ വിമതരുടെ മണ്ഡലങ്ങളിൽ ബിജെപിക്ക് വെല്ലുവിളിയാകും. യെദ്യൂരപ്പ വിശ്വാസം തെളിയിക്കുന്നതിന് മുമ്പ് രണ്ട് കോൺഗ്രസ്‌ എംഎൽഎമാർ തിരിച്ചുവരികയും സ്വതന്ത്രർ നിലപാട് മാറ്റുകയും ചെയ്താൽ ബിജെപി സമ്മർദ്ദത്തിലാകും. വിമത എംഎൽഎമാർ മുംബൈയിലെ ഹോട്ടലിൽ നിന്ന് ഇന്ന് ബെംഗളൂരുവിൽ എത്തും. രാജിവച്ച ശേഷം ഒരു തവണ മാത്രമാണ് ഇവർ ബെംഗളൂരുവിൽ വന്നത്. വിമതരെ അനുനയിപ്പിക്കാൻ എല്ലാ അടവുകളും പയറ്റിയിട്ടും സർക്കാർ താഴെ വീണതിന്റെ നിരാശയിലാണ് കോൺഗ്രസ്‌. 

രാമലിംഗ റെഡ്ഢി തിരികെവന്നപ്പോൾ  മൂന്ന് എംഎൽഎമാർ രാജി പിൻവലിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അയോഗ്യത നടപടികളാണ് വിമത എംഎൽഎമാരുടെ മുന്നിൽ ഇനിയുള്ളത്. പാർട്ടിക്കുള്ളിലെ തർക്കങ്ങളും വിമതനീക്കത്തിന് കാരണമായെന്ന് ഹൈക്കമാൻഡ് വിലയിരുത്തുന്നുണ്ട്. നേതാക്കളോട് ഒറ്റക്കെട്ടായി നീങ്ങാനാണ് ആഹ്വാനം. ഉപതെരഞ്ഞെടുപ്പ് വരെ ജെഡിഎസ് സഖ്യത്തിൽ പുനരാലോചന ഇല്ല എന്നാണ് വിവരം. എന്നാൽ സഖ്യത്തിൽ അതൃപ്തിയുള്ള നേതാക്കൾ പരസ്യ പ്രതികരണം കടുപ്പിക്കാൻ സാധ്യതയുണ്ട്. ഇതാവും കോൺഗ്രസിന് അടുത്ത വെല്ലുവിളി.