പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾ തള്ളി തൃണമൂൽ എംപി ശത്രുഘ്നൻ സിൻഹ. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന മമത ബാനർജിയെ ഒരിക്കലും വിട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മമതയുടെ നിർബന്ധപ്രകാരമാണ് താൻ അസൻസോളിൽ മത്സരിച്ചതെന്നും സിൻഹ കൂട്ടിച്ചേർത്തു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയോടുള്ള കൂറ് പ്രഖ്യാപിച്ച് നടനും തൃണമൂൽ എംപിയുമായ ശത്രുഘ്നൻ സിൻഹ. താൻ പാർട്ടിയിലെ വിമത ഗ്രൂപ്പിനോടൊപ്പം ചേർന്നെന്ന അഭ്യൂഹം അദ്ദേഹം തള്ളി. തൃണമൂൽ കോൺഗ്രസിലെ വിമതർ ലോക്സഭാ സ്പീക്കർക്ക് സമർപ്പിച്ച കത്തിൽ ഒപ്പുവെച്ചവരിൽ ഒരാൾ ശത്രുഘ്നൻ സിൻഹയാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് സിൻഹ എക്സിൽ പങ്കുവെച്ച കുറിപ്പ് അഭ്യൂഹങ്ങൾക്ക് കാരണമായി.
"സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുഹൃത്തും വഴികാട്ടിയുമായ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒരുപക്ഷേ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഭരണ കാലയളവായ 12 വർഷം പൂർത്തിയാക്കിയതിൽ ആശംസകൾ നേരുന്നു. ആയുരാരോഗ്യവും ദീർഘായുസ്സും നേരുന്നു. ജയ് ഹിന്ദ്" എന്നാണ് സിൻഹ കുറിച്ചത്. ഈ പോസ്റ്റിൽ അദ്ദേഹം മമത ബാനർജിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. തന്റെ അടുത്ത രാഷ്ട്രീയ നീക്കത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമായതോടെ, ഒരിക്കലും മമത ബാനർജിയെ വിട്ടുപോകില്ലെന്ന് വ്യക്തമാക്കി ശത്രുഘ്നൻ സിൻഹ രംഗത്തെത്തി.
എംപി കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിലാണ് താനെന്ന വാർത്തകൾ അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു. "എന്നെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഞാൻ വിമത ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇതൊന്നും സത്യമല്ല. എന്റെ മോശം സമയങ്ങളിൽ മമത ബാനർജി എനിക്കൊപ്പം നിന്നിട്ടുണ്ട്. അതുകൊണ്ട് അവരുടെ പ്രയാസ ഘട്ടങ്ങളിൽ ഞാൻ അവർക്കൊപ്പം നിൽക്കും"- താൻ ഒരിക്കലും 'ദീദി'യെ (മമത) വിട്ടുപോകില്ലെന്ന് ശത്രുഘ്നൻ സിൻഹ വ്യക്തമാക്കി. മമതയുടെ നിർബന്ധ പ്രകാരമാണ് താൻ അസൻസോളിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചതെന്നും സിൻഹ കൂട്ടിച്ചേർത്തു.
ബിജെപിയിലാണ് ശത്രുഘ്നൻ സിൻഹ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പതിറ്റാണ്ടുകളോളം ബിജെപി നേതാവായും മുൻ കേന്ദ്രമന്ത്രിയായും തിളങ്ങിയ അദ്ദേഹം, പിന്നീട് ആശയപരമായ ഭിന്നതകൾ ചൂണ്ടിക്കാട്ടി പാർട്ടി വിടുകയായിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പട്ന സാഹിബിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 2022ൽ അദ്ദേഹം മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുകയും അസൻസോൾ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. പിന്നീട് 2024 ലെ പൊതുതെരഞ്ഞെടുപ്പിലും ടിഎംസി സ്ഥാനാർത്ഥിയായി അദ്ദേഹം ഇതേ മണ്ഡലത്തിൽ സീറ്റ് നിലനിർത്തി.
