തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.  കേരളത്തിൽ 5 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്.  ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്  കണ്ണൂർ ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

ചൊവാഴ്ച്ച വരെ കേരളത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് തുടരുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദ്ദം  തീവ്ര ന്യൂനമർദ്ദമായി മാറി മണിക്കൂറുകൾക്ക് അകം  ആന്ധ്രാ-ഒഡീഷ തീരത്ത് കൂടി കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്. നിലവിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ ആൻഡമാൻ, ഒഡീഷ, കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിലേക്ക് മീൻപിടിക്കാൻ പോകരുത്. ആഴക്കടലിൽ മീൻപിടിക്കാൻ പോയവർ തിരികെ തീരത്തേക്ക് മടങ്ങണം എന്നും  ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.