കോവളം ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരുടെയും തല സ്ട്രീറ്റ് ലൈറ്റിൻ്റെ പോസ്‌റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരം: തിരുവല്ലം ബൈപാസിൽ ബൈക്ക് അപകടത്തിൽ രണ്ട് ഐടി ജീവനക്കാർക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി നവീൻ സിബി, തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ എന്നിവരാണ് മരിച്ചത്. രണ്ടുപേർക്കും 25 വയസ്സാണ്. ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എഞ്ചിനിയറാണ് നവീൻ, കിൻഫ്രയിലെ ഐടി ജീവനക്കാരിയാണ് മൃദുല. നവീൻെറ ജൻമദിനമായിരുന്നു ഇന്ന്. ബൈക്കിൽ കോവളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞ് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി. നവീൻെറയും മൃദുലയുടെയും തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൃദുല തെറിച്ചുപോയി നിലത്തു വീഴുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.
