പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ കരിപ്പൊടിയിലെ ഫാല്‍ക്കണ്‍ അസീസിന്റെയും അസ്മയുടെയും മകന്‍ സാദിഖ് (39) ആണ് മരിച്ചത്.

കാസർകോട്: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മരണം അഞ്ചായി. കാസർകോട് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കാസർകോട് പട്ള ബൂഡ് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ കരിപ്പൊടിയിലെ ഫാല്‍ക്കണ്‍ അസീസിന്റെയും അസ്മയുടെയും മകന്‍ സാദിഖ് (39) ആണ് മരിച്ചത്. ബന്ധുവിനൊപ്പം നടന്നു പോകുമ്പോഴാണ് അപകടം. കാല് തെന്നി തോട്ടിൽ വീഴുകയായിരുന്നു. ദുബൈയിൽ നിന്ന് ഒരുമാസം മുമ്പാണ് സാദിഖ് അവധിക്ക് വന്നത്. ഭാര്യ: ഫര്‍സാന. മക്കള്‍: ഫാദില്‍ സൈന്‍, സിയ ഫാത്തിമ, ആമിന. സഹോദരങ്ങള്‍: സമീര്‍, ഷംസുദ്ദീന്‍, സവാദ്, സബാന.

തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി പുല്ലുവിള സ്വദേശികളായ തഥയൂസ്, സ്റ്റെല്ലസ് എന്നിവര്‍ മരിച്ചു. ഒഎറണാകുളം തിരുമാറാടിയിൽ മരം വീണ് 85 കാരിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. നമ്പത്ത് ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. ചെറായിയിൽ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെയും മലപ്പുറം കാളികാവിൽ ഒഴുക്കിൽപ്പെട്ട് ഒരാളെയും കാണാതായി. മരം വീണ് ഇന്നും നിരവധി വീടുകൾ തകർന്നു. ഇന്നലെ രാത്രിയിൽ ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണു. വൈദ്യുതി പലയിടങ്ങളിലും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. റെയിൽവേ ട്രാക്കുകളിൽ മരം വീണതിനെ തുടർന്ന് പല ട്രെയിനുകളും ഇപ്പോഴും വൈകിയോടുകയാണ്. 

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുകയാണ്. ശക്തമായ മഴ അടുത്ത അഞ്ച് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. നാളെ എല്ലാ ജില്ലകളിലും യെല്ലൊ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.