ബറേലിയിലെ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറുടെ പാത്രത്തിൽ നിന്ന് തെരുവ് നായ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ക്യാമ്പസിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെതിരെ പ്രിൻസിപ്പൽ കർശന മുന്നറിയിപ്പ് നൽകി.
ബറേലി: ലാലാ ലജ്പത് റായ് മെമ്മോറിയൽ (എൽഎൽആർഎം) മെഡിക്കൽ കോളേജിലെ ക്യാമ്പസിൽ തെരുവ് നായ്ക്കൾക്ക് അഭയം നൽകുകയോ ഭക്ഷണം നൽകുകയോ ചെയ്യുന്നത് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് പ്രിൻസിപ്പലിന്റെ കർശന മുന്നറിയിപ്പ്. നിർദേശം ലംഘിക്കുന്നവരുടെ ഹോസ്റ്റൽ സൗകര്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കാമ്പസിൽ കുറച്ച് ഫാക്കൽറ്റി അംഗങ്ങൾ/ജീവനക്കാർ നായ്ക്കളെ വളർത്തുന്നുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചു. ആരെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതായി കണ്ടെത്തിയാൽ, അവരുടെ അലോട്ട്മെന്റ് റദ്ദാക്കും. പിന്നീട്, ഏതെങ്കിലും അഭ്യർത്ഥനയോ ക്ഷമാപണമോ സ്വീകരിക്കില്ല. ഹോസ്റ്റലുകളിലും ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും നായ്ക്കൾ അലഞ്ഞുതിരിയുന്നത് സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു.
പ്രിൻസിപ്പലിന്റെ നിർദേശത്തോട് വിയോജിച്ച് മന്ത്രി ധരംപാൽ രംഗത്തെത്തി. നായ്ക്കൾക്ക് അവരുടേതായയ പരിധിയുണ്ട്. ഒരു നായ മറ്റൊന്നിന്റെ പരിധിയിൽപോയി പോയി ഭക്ഷണമെടുക്കില്ല. നിങ്ങൾ ഭക്ഷണം നൽകുന്നത് തുടർന്നാൽ അവ നിങ്ങളെ കടിക്കില്ലെന്നും എംഎൽഎ പറഞ്ഞു.
ഹോസ്റ്റൽ മെസ്സിനുള്ളിൽ ഒരു വനിതാ ഡോക്ടറുടെ പ്ലേറ്റിൽ നിന്ന് ഒരു തെരുവ് നായ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രിൻസിപ്പൽ ഇത്തരമൊരു നിർദേശം നൽകിയത്. തെരുവ് നായ്ക്കളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് ആറ് കത്തുകളെങ്കിലും മുനിസിപ്പൽ കോർപ്പറേഷന് നൽകിയിട്ടുണ്ടെന്നും എന്നാൽ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. കോളേജ് നടപടിയെടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം, മൃഗക്ഷേമ ഗ്രൂപ്പുകൾ എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
