കൊല്ലം: പരിസ്ഥിതി ദിനത്തില്‍ പാതയോരത്ത് കഞ്ചാവ് ചെടി നട്ട മൂന്നു യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സാമൂഹ്യവിരുദ്ധര്‍ പരസ്യമായി നട്ട കഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥരെത്തി നശിപ്പിക്കുകയും ചെയ്തു. കൊല്ലം കണ്ടച്ചിറയിലായിരുന്നു സംഭവം. കണ്ടച്ചിറ കുരിശടി മുക്കിടുത്തുളള റോഡിലായിരുന്നു പരിസ്ഥിതി ദിനത്തിൽ യുവാക്കൾ കഞ്ചാവ് ചെടി നട്ടത്.  ലഹരിക്കടിമയായ യുവാവിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് ചെടി നടൽ. യുവാവിനായി അന്വേഷണം തുടരുകയാണ്. 

'ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ചെടിയാണെന്നും ഈ ചെടി ഇവിടെ വളരട്ടെ' എന്നുമുളള ആഹ്വാനത്തോടെയാണ് മൂന്നു ചെറുപ്പക്കാര്‍ കഞ്ചാവ് ചെടി ഇവിടെ നട്ടതെന്ന് നാട്ടുകാര്‍ എക്സൈസിനോട് പറഞ്ഞു. തുടര്‍ന്നാണ് എക്സൈസ് സംഘം ഇവിടെയെത്തി ചെടി പിഴുതെടുത്തത്. ലഹരിക്കടിമയായ ഒരു യുവാവിന്‍റെ നേതൃത്വത്തിലായിരുന്നു മൂന്നംഗ സംഘം എത്തി കഞ്ചാവ് ചെടി നട്ടതെന്ന് കണ്ടെത്തിയതായി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടർ നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.