കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസിൻ്റെ വക സിഐയുടെ പിറന്നാൾ ആഘോഷം
കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം നടന്നത്. കൊടുവള്ളി സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ചാഘോഷിച്ചത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാർ ആഘോഷത്തിൽ പങ്കെടുത്തു. ഹാപ്പി ബർത്ത് ഡേ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ വീഡിയോയും പങ്കുവച്ചു. മെയ് 30-നാണ് യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് പി സി ഫിജാസ് എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. റിപ്പോർട്ട് തേടി ഡിവൈഎസ്പി, സിഐയ്ക്ക് എതിരെ നടപടി വന്നേക്കും.
ഇതിന് പിന്നാലെ യൂത്ത് ലീഗ് ഇതേ പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷിച്ച ദൃശ്യങ്ങളും പുറത്തുവന്നു. കൊടുവള്ളി സിഐ അഭിലാഷിൻ്റെ പിറന്നാൾ എംഎസ്എഫ് - യൂത്ത് ലീഗ് നേതാക്കളാണ് ആഘോഷിച്ചത്. നിയോജക മണ്ഡലം ട്രഷറർ സിനാൻ്റെ നേതൃത്വത്തിലാണ് സിഐയുടെ ഓഫീസിനകത്ത് വച്ച് കേക്ക് മുറിച്ചത്.