Asianet News MalayalamAsianet News Malayalam

സിപിഎമ്മിലെ വനിതകൾക്കെതിരെയുള്ള സുരേന്ദ്രന്റെ വിവാദ പ്രസ്താവന; പരാതിയുമായി യൂത്ത് കോൺ​ഗ്രസ്

കെ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്നും യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു.

Youth congress complaint againts K Surendran comment on cpm women leaders prm
Author
First Published Mar 28, 2023, 5:23 PM IST

തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കൾക്കെതിരായ കെ സുരേന്ദ്രന്റെ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. ചൊവ്വാഴ്ചയാണ് യൂത്ത് കോൺ​ഗ്രസ് പരാതിയുമായി രം​ഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സിപിഎമ്മിലെ വനിതാ നേതാക്കൾക്കെതിരെ വിവാദ പരാമർശം നടത്തിയത്. കേരളത്തിലെ മാർക്സിസ്റ്റ്‌ വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു. കാശടിച്ചു മാറ്റി തടിച്ചു കൊഴുത്തു പൂതനകളായി. അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു.

കെ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്നും യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു. വനിതാ നേതാക്കളെ പൂതനയോടു ഉപമിക്കുകയും ബോഡി ഷെയ്മിങ്ങിനു വിധേയമാക്കുകയും ചെയ്ത പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രസ്തുത നടപടിയിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. 

അതേസമയം, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ  സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസിലും പരാതി ലഭിച്ചു. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു. 

തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം. 'സ്ത്രീശാക്തീകരണത്തിന്‍റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്' എന്നായിരുന്നു സുരേന്ദ്രന്‍റെ വാക്കുകള്‍. 


  
സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. ഓരോരുത്തരുടെയും സംസ്കാരം അവരവർ പറയുന്ന വാക്കുകളിൽ കാണാൻ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അത് അവരുടെ നിലവാരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

Follow Us:
Download App:
  • android
  • ios