കുന്നംകുളം പൊലീസ് മർനത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത്.
തൃശ്ശൂർ: കുന്നംകുളം പൊലീസ് മർനത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി മർദനമേറ്റ ചൊവ്വന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത്. പൊലീസ് അതിക്രൂരമായി മർദിച്ചെന്ന് സുജിത് പറഞ്ഞു. സ്റ്റേഷനിൽ എത്തുന്നതിന് മുമ്പും മർദനമുണ്ടായി. ശശിധരൻ എന്ന പൊലീസുകാരൻ തലയ്ക്ക് അടിച്ചു. കൂടാതെ ഡ്രൈവർ ഷുഹൈദും മർദിച്ചെന്ന് സുജിത് വെളിപ്പെടുത്തി. ഇവരുടെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിലില്ല. സ്റ്റേഷനിലെത്തിച്ച ശേഷവും അസഭ്യവും മർദനവും തുടർന്നെന്നും സുജിത്തിന്റെ വാക്കുകൾ. ചൂരലുകൊണ്ട് കാലിൽ നിരവധി തവണ അടിച്ചു. കുടിവെള്ളം ചോദിച്ചിട്ട് പോലും തന്നില്ല. ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ചയിലായിരുന്നു സുജിത്തിന്റെ വെളിപ്പെടുത്തൽ. മർദിച്ചവർക്കെതിരെ നടപടി വേണമെന്നും നിയമപോരാട്ടം തുടരുമെന്നും സുജിത് വ്യക്തമാക്കി. ഇവരെ സർവീസിൽ നിന്നും മാറ്റിനിർത്തണമെന്നും സുജിത് ആവശ്യപ്പെട്ടു.
കുന്നംകുളം പൊലീസ് സ്റ്റേഷന്‍ എസ്ഐ നുഹ്മാന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സുജിത്തിന് നേര്‍ക്ക് ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടത്. സ്റ്റേഷന് മര്‍ദ്ദനത്തിലെ പ്രതികള്‍ ഇപ്പോഴും വിവിധ സ്റ്റേഷനുകളില്‍ തന്നെ തുടരുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടായെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി പറഞ്ഞു.
യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന് 2023 ഏപ്രിൽ അഞ്ചിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രണ്ടു കൊല്ലം പൊലീസ് പൂഴ്തി വച്ച സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ കമ്മീഷ്ണറുടെ ഉത്തരവ് പ്രകാരം നല്‍കേണ്ടിവന്നപ്പോള്‍ പുറത്തുവന്നത് സ്റ്റേഷനില്‍ അരങ്ങേറിയ ക്രൂരതയുടെ നേര്‍ ചിത്രം. മര്‍ദ്ദനത്തില്‍ സുജിത്തിന് കേള്‍വി ശക്തി നഷ്ടമായിരുന്നു.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ സുഹ്മാന്‍, സിപിഒ മാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചത്. ചൊവ്വല്ലൂരില്‍ വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ ആ വഴി വന്ന പൊലീസ് സംഘം മര്ദ്ദിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തതോടെ സുജിത്തിനെ സ്റ്റേഷനിലെത്തിച്ചു മര്‍ദ്ദിച്ചു. മദ്യപിച്ചു പ്രശ്നമുണ്ടാക്കി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.
എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ കോടതി ജാമ്യം അനുവദിച്ചു. പിന്നീട് നടത്തിയ വിശദ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന് കേള്‍വിക്ക് തകരാറുണ്ടെന്ന് കണ്ടെത്തി. പിന്നീടുണ്ടായത് സുജിത്തിന്‍റെ നീണ്ട നിയമ പോരാട്ടമായിരുന്നു. മര്‍ദ്ദനത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. സിസിടിവി ദൃശ്യം ആവശ്യപ്പെട്ട് നല്‍കിയ വിവരാവകശം സ്റ്റേഷനും കുന്നംകുളം എസിപിയും നിരസിച്ചു. ആ സമയം സ്റ്റേഷനില്‍ പോക്സോ പ്രതി ഉണ്ടെന്ന ന്യായം പറഞ്ഞായിരുന്നു അത്. ദൃശ്യം നശിപ്പിക്കപ്പെടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുജിത്ത് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ അപ്പീലില്‍ സുജിത്തിന് അനുകൂല ഉത്തരവായി.


