ബഹുമാനപൂർവ്വം കുര്യൻ സാർ എന്നാണ് വിളിച്ചിരുന്നത് ഇനി അങ്ങിനെ വിളിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ ജി നൈനാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പത്തനംതിട്ട: സംഘടനയ്ക്കെതിരായ വിമർശനത്തിനും പരിഹാസത്തിനും പിന്നാലെ പിജെ കുര്യനെതിരെ പരസ്യപോർമുഖം തുറന്ന് യൂത്ത് കോൺഗ്രസ്. ജില്ലാ ജനറൽ സെക്രട്ടറി മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വരെ കുര്യനെ തള്ളി ഫേസ്ബുക്ക് പോസ്റ്റിട്ടു. യൂത്ത് കോൺഗ്രസിനെ പിന്തുണച്ച് കുര്യനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുവന്നു. യുവ നേതാക്കളെ ടിവിയിൽ മാത്രമാണ് കാണുന്നതെന്നും എസ്എഫ്ഐയുടെ സർവകലാശാല സമരം കണ്ടുപഠിക്കണമെന്നുമായിരുന്നു കുര്യൻറെ പരിഹാസം.
രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തിയുള്ള മുതിർന്ന നേതാവ് പിജെ കുര്യൻറെ പരിഹാസത്തിൽ കടുത്ത അതൃപ്തിയിലാണ് യൂത്ത് കോൺഗ്രസ്. എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ ഇകഴ്ത്തിയുമുള്ള കുര്യൻറെ വാക്കുകൾ അപ്പാടെ തള്ളുന്ന യുവ നേതാക്കൾ. പത്തനംതിട്ടയിലെ പാർട്ടിവേദിയിൽ നടത്തിയ പരിഹാസത്തിൽ അതേ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകിയിരുന്നു. എന്നാൽ കുര്യൻറെ പ്രസംഗം വിവാദമായതോടെ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിൻറ് ഉൾപ്പെടെ നേതാക്കളെ പൊലീസ് കരുതൽ തടങ്കലിൽ ആക്കിയ ഏറ്റവും പുതിയ ചിത്രം രാഹുൽ ഫേസ്ബുക്കിൽ പങ്കുവെച്ചു. കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കെട്ടയെന്നാണ് കുര്യനുള്ള രാഹുലിൻറെ മറുപടി. ബഹുമാനപൂർവ്വം കുര്യൻ സാറെന്ന് വിളിച്ചിരുന്നു ഇനി വിളിക്കില്ല. പൊലീസിൻറെ ഒരു പിടിച്ചുതള്ളു പോലും ഏറ്റുവാങ്ങാത്ത പിജെ കുര്യൻറെ വാക്കുകൾ അംഗീകരിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജന സെക്രട്ടറി ജിതിൻ ജി നൈനാൻ പ്രതികരിച്ചു.
വീണാ ജോർജിനെതിരെ സമരം ചെയ്തതിന് കഴിഞ്ഞ ദിവസം ജിതിനെ വീട്ടിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുര്യൻറെ സ്വന്തം മണ്ഡലമായ പുറമറ്റത്തൊരു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിൻറ് പോലും ഇല്ലാത്തതും സോഷ്യൽ മീഡിയയിൽ പരിഹാസമാകുന്നു. പഴയകാല കേസ് ഓർമ്മിച്ചാണ് മഹിള കോൺഗ്രസ് ജില്ലാ ജന സെക്രട്ടറി കുര്യന് മറുപടി നൽകുന്നത്. അതിനിടെ, കുര്യനെ തള്ളി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് എത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം പാളിയതിൽ അടൂർ പ്രകാശിനെ ഉൾപ്പെടെ കുര്യൻ പേരെടുത്ത വിമർശിച്ചിരുന്നു. കുര്യൻ അനാവശ്യവിവാദം ഉണ്ടാക്കിയെന്ന വിലയിരുത്തലിൽ പുതിയ കെപിസിസി നേതൃത്വവും കടുത്ത അതൃപ്തിയിലാണ്.



