കൊച്ചി: കൊവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പാലിയേക്കര ടോള്‍പ്ലാസയിലെ പിരിവ് വീണ്ടും തുടങ്ങിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷവും പാലിയേക്കരയില്‍ വാഹനങ്ങളുടെ നീണ്ടനിരയും തിരക്കും അനുഭവപ്പെട്ടതോടെ മാര്‍ച്ച് 24ന് കളക്ടര്‍ ഇടപെട്ട് ടോള്‍പിരിവ് നിര്‍ത്തിയിരുന്നു.

എന്നാല്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് മുമ്പേ വീണ്ടും ടോള്‍പിരിവ് ആരംഭിക്കാന്‍ തീരുമാനിച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നത്.  ടോള്‍പിരിവ് ആരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ജീവനക്കാരുടെ ശുചീകരണവും പുതുക്കാട് അഗ്നിസുരക്ഷാ സേനയുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസ പരിസരവും  ഓഫീസുകളും ജീവനക്കാര്‍ പ്രവേശിക്കുന്ന കവാടങ്ങളുമെല്ലാം ശുചീകരിച്ചിരുന്നു.

എന്നാല്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്നിന് മുമ്പേ ടോള്‍പിരിവ് ആരംഭിക്കുന്നത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ നിലപാട്. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ ടോള്‍പിരിവ് അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.