രാഷ്ട്രീയ പ്രേരിതമാണ് നടപടി എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ഇപ്പോൾ നടന്നത് അറസ്റ്റ് നാടകമാണെന്ന് വി ടി ബൽറാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോൺഗ്രസ്. ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പറയുന്നത്. രാഷ്ട്രീയ പ്രേരിതമാണ് നടപടി എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ഇപ്പോൾ നടന്നത് അറസ്റ്റ് നാടകമാണെന്ന് വി ടി ബൽറാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ജാഥക്ക് കിട്ടുന്ന സ്വീകാര്യത്യിൽ ഇടതു മുന്നണി അസ്വസ്ഥരാണ്. ഈ അറസ്റ്റ് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസില്‍ യൂത്ത് കോൺഗ്രസുകാർക്ക് പങ്കുണ്ടായിരുന്നെങ്കിൽ ഇത്രയും നാൾ കാത്ത് നിന്നത് എന്തിനാണെന്നും ഷാഫി പറമ്പിൽ ചോദിച്ചു. യൂത്ത് കോൺഗ്രസിന്‍റെ പല നേതാക്കളെയും ഭാവനയിൽ പ്രതി ചേർക്കാൻ നേരത്തെയും ശ്രമമുണ്ടായി. രാഹുൽ ഗാന്ധിയുടെ യാത്രക്ക് കേരളം നൽകുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണ് ഇപ്പോഴത്തെ കസ്റ്റഡിക്ക് പിന്നലെന്നും അദ്ദേഹം വിമര്‍ശിച്ചു. കേസ് അന്വേഷണം സിനിമക്ക് തിരക്കഥ എഴുതലല്ലെന്ന് വിമര്‍ശിച്ച ഷാഫി പറമ്പിൽ, കോൺഗ്രസുകാരനെ പ്രതിയാക്കണമെന്നത് സിപിഎം അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ചു.

Also Read: എകെജി സെന്‍റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ കസ്റ്റഡിയില്‍

കിട്ടിയോ കിട്ടിയോ ചോദ്യങ്ങൾക്കൊടുവിൽ, എകെജി സെന്‍റര്‍ ആക്രമണം രണ്ടര മാസത്തിന് ശ്രഷമാണ് പ്രതിയെ പിടികൂടുന്നത്. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. സ്ഫോടക വസ്തു എറിഞ്ഞ ശേഷം സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറി പോയെന്നാണ് ക്രൈബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ജിതിന്‍റെ ഉടമസ്ഥതയിലുള്ള കാർ ക്രൈംബ്രാഞ്ച് കണ്ടത്തി. പിന്നീട് സ്കൂട്ടർ ഓടിച്ചു പോയത് മറ്റൊരാളാണെന്നും ക്രൈബ്രാഞ്ച് കണ്ടെത്തി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങൾ എല്ലാം മാറ്റിയ ശേഷമാണ് എത്തിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്.