കേരളത്തിലെ തെരുവുകള്‍ കത്തുന്ന സമരങ്ങളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പോകുമെന്നും . ജനങ്ങളാഗ്രഹിക്കുന്ന ഭരണ മാറ്റത്തിന് വഴി തുറക്കുമെന്നും പുതിയ സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്. വിവാദങ്ങള്‍ ബാധിക്കില്ലെന്നും ജനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തൃശൂര്‍:കേരളത്തിലെ തെരുവുകള്‍ കത്തുന്ന സമരങ്ങളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പോകുമെന്ന് പുതിയ സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനങ്ങളാഗ്രഹിക്കുന്ന ഭരണ മാറ്റത്തിന് വഴി തുറക്കും. യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന നേതൃത്വമാണ് കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത്. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ചോദിക്കുക തന്നെ ചെയ്യും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി പാര്‍ട്ടി തീരുമാനിച്ചതാണെന്നും ജനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനകീയമായ സമരങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കും.വിവാദങ്ങളൊന്നും യൂത്ത് കോണ്‍ഗ്രസിനെ ബാധിക്കില്ല. ആ രീതിയിൽ സംഘടനയെ മുന്നോട്ടുകൊണ്ടുപോകും. യുവാക്കള്‍ക്ക് പാര്‍ട്ടി അര്‍ഹമായ പ്രധാന്യം നൽകിയിട്ടുണ്ടെന്നും ഒജെ ജനീഷ് പറഞ്ഞു.

ഇന്നലെയാണ് ഒ.ജെ. ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചത്. കെ.സി വേണുഗോപാല്‍ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വര്‍ക്കിങ് പ്രസിഡന്‍റായും നിയമിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനാകുമെന്ന് കരുതിയ അബിന്‍ വര്‍ക്കിയെയും കെ.എം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായും പ്രഖ്യാപിച്ചു. ഗ്രൂപ്പ് താല്‍പ്പര്യങ്ങളും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

അബിന്‍ വര്‍ക്കിക്കുവേണ്ടി ഐ ഗ്രൂപ്പും ബിനു ചുള്ളിയിലിനായി കെ.സി ഗ്രൂപ്പും കെഎം അഭിജിത്തിന് വേണ്ടി എ ഗ്രൂപ്പും ബലപരീക്ഷണം തുടങ്ങിയതോടെയാണ് ഒജെ ജനീഷിന്‍റെ പേര് സമവായ നീക്കത്തില്‍ ഒന്നാമതെത്തിയത്. സംഘടനാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയ വൈസ് പ്രസി‍ഡന്‍റ് അബിന്‍ വര്‍ക്കിയായതിനാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വാഭാവിക നീതി വേണമെന്ന വാദമാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ചത്. എ ഗ്രൂപ്പിന്‍റെ കയ്യിലുള്ള പ്രസിഡ‍ന്‍റ് പദവിക്ക് തുടര്‍ച്ചവേണമെന്ന വാദവുമായി എ ഗ്രൂപ്പും എംകെ രാഘവനുമടക്കമുള്ള നേതാക്കളും അഭിജിത്തിനെ പിന്തുണച്ചു. കെ.സി വേണുഗോപാല്‍ പക്ഷം ഹരിപ്പാട് നിന്നുള്ള ബിനു ചുള്ളിയിലിനെ കൊണ്ടുവരാനും നീക്കം തുടങ്ങി. തര്‍ക്കം മുറുകിയതോടെ ഷാഫി പറമ്പില്‍ ഒ.ജെ ജനീഷിന്‍റെ പേര് തന്ത്രപരമായി മുന്നോട്ടുകൊണ്ടുവന്നു.

കെപിസിസി പ്രസി‍ഡന്‍റും പ്രതിപക്ഷനേതാവും ബിനുവിന്‍റെ പേരിന് പിന്തുണ നല്‍കിയപ്പോള്‍ രമേശ് ചെന്നിത്തല, എം.ലിജു തുടങ്ങി ആലപ്പുഴയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ശക്തമായി എതിര്‍ത്തു. എംകെ രാഘവന്‍റെ പിന്തുണയുള്ളതിനാല്‍ കെഎം അഭിജിത്തിന് കെസി പക്ഷം പച്ചക്കൊടി വീശിയുമില്ല. വാദപ്രതിവാദങ്ങള്‍ ആഴ്ചകളായി തുടര്‍ന്നതോടെയാണ് ജനീഷിന്‍റെ പേരില്‍ സമവായം കണ്ടത്. എന്നാല്‍, സംഘടനാ ചരിത്രത്തില്‍ ആദ്യമായി വര്‍ക്കിങ് പ്രസിഡന്‍റ് പദവിയുണ്ടാക്കി ബിനു ചുള്ളിയിലിനെ കെസി വേണുഗോപാല്‍ സംസ്ഥാന കമ്മിറ്റിയില്‍ സുപ്രധാന പദവിയില്‍ എത്തിച്ചു. നിലവിലെ വൈസ് പ്രസിഡ‍ന്‍റായ അബിന്‍ വര്‍ക്കിയെ ദേശീയ സെക്രട്ടറിയാക്കി സംസ്ഥാന കമ്മിറ്റിയിലുണ്ടാകാവുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും ഫോര്‍മുലയുണ്ടാക്കി. കെഎം അഭിജിത്തിനെയും ദേശീയ സെക്രട്ടറിയാക്കി.പ്രസിഡന്‍റ് പദവിക്കായി ആവശ്യമുന്നയിച്ച എ,ഐ,കെ.സി ഗ്രൂപ്പുകള്‍ക്കും ഷാഫി പറമ്പില്‍ വിഭാഗത്തിനും തൃപ്തികരമാകുന്ന പട്ടികയ്ക്കാണ് ഒടുവില്‍ അംഗീകാരമായത്.

YouTube video player