യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജിൻ , റിജു എന്നിവരാണ് കരിങ്കൊടി കാണിച്ചത്.  പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം:  മുഖ്യമന്ത്രി (chief minister)പിണറായി വിജയന് (pinarayi vijayan)നേരെ യൂത്ത് കോൺഗ്രസ്(youth congress) കരിങ്കൊടി(black flag) . വിളപ്പിൽശാലയിൽ വെച്ചാണ് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജിൻ , റിജു എന്നിവരാണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ തന്നെ പരസ്യമായി ആഹ്വാനം നൽകിയിരുന്നു. കരിങ്കൊടി കാണിച്ച എത്രപേരെ അറസ്റ്റ് ചെയ്ത് ജയിലിലിടുമെന്നും ഷാഫി ചോദിച്ചിരുന്നു. 

അതേസമയം യൂത്ത് കോൺഗ്രസ് സമരാഹ്വാനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയിരുന്നു. വൻ സുരക്ഷയിലാണ് രാവിലെ മുഖ്യമന്ത്രി ക്ലിഫ് ഹൌസിൽ നിന്ന് നിയമസഭയിലേക്ക് പോയതും. 

കരിങ്കൊടി പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്

'പിണറായി വിജയനു നേരെ വിളപ്പിൽശാലയിൽ യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി പ്രതിഷേധം.....
പ്രതിഷേധിക്കുമെന്ന് പറഞ്ഞാൽ ഈച്ച കയറാ കോട്ട കെട്ടിയാലും, സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയ്ക്ക് നേർക്ക് പ്രതിഷേധിച്ചിരിക്കും'


വാട്ട്സ്ആപ് ചാറ്റ് പുറത്തായത് ഗുരുതര സംഘടനാ പ്രശ്നം,നേതൃത്വത്തെ അറിയിക്കും-കെ.എസ്.ശബരിനാഥൻ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് ഓദ്യോഗിക വാട്ട്സ്ആപ് ഗ്രൂപ്പിൽ നിന്ന് ചാറ്റ് പുറത്ത് പോയത് ഗുരുതര സംഘടനാ പ്രശ്നമെന്ന് വൈസ് പ്രസിഡന്‍റ് കെ എസ് ശബരിനാഥൻ. ഇതിനെ ഗൗരവപരമായാണ് യൂത്ത് കോൺഗ്രസും കെ പി സി സിയും കാണുന്നത്. ഇത് നേതൃത്വത്തെ അറിയിക്കും. എല്ലാ സംഘടനയിലും നെല്ലും പതിരുമുണ്ട്. പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസുകാർ സംഘടനാ നിലപാടിന് ഒപ്പം നിൽക്കുമെന്നും കെ എസ് ശബരിനാഥൻ പറഞ്ഞു. 

ജാമ്യവ്യവസ്ഥകൾ പാലിച്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് കെ എസ് ശബരിനാഥൻ പറഞ്ഞു. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. കരിങ്കൊടി കാണിക്കാൻ ഗൂഢാലോചന നടത്തി എന്നാണെങ്കിൽ അത് അംഗീകരിക്കും. വാട്ട്സ്ആപ്പ് ചാറ്റ് ചോർന്നത് കൊണ്ട് നിരപരാധിത്തം തെളിയിക്കാനായെന്നും കെ എസ് ശബരി നാഥൻ പറഞ്ഞു. 

'സി എം കണ്ണൂർ ടിവി എം ഫ്ലൈറ്റിൽ വരുന്നുണ്ട്. രണ്ടുപേർ ഫ്ലൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ...എന്തായാലും ഫ്ലൈറ്റിൽ നിന്ന് പുറത്ത് ഇറക്കാൻ കഴിയില്ലല്ലോ' എന്ന് കെ എസ് ശബരിനാഥൻ യൂത്ത്കോൺഗ്രസ് ഔദ്യോഗിക വാട്ട്സ്ആപ് ഗ്രൂപ്പിലിട്ട ചാറ്റ് സ്ക്രീൻ ഷോട്ടായി പുറത്തു വന്നതോടെയാണ് ശബരിക്കെതിരെ പൊലീസ് വധ ഗൂഢാലോചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തത് . ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം നാടകീയമായി അറസ്റ്റ് ചെയ്തെങ്കിലും കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം തള്ളി കോടതി ശബരിനാഥന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് മുതൽ 3 ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണണെന്ന നിർദേശവും നൽകി. ഇതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ശബരി ഹാജരായി,

അതേസമയം വിമാനത്തിലെ പ്രതിഷേധത്തിനുള്ള 'ആശയം തന്‍റേത്' എന്നായിരുന്നു ഇന്ന് കെ എസ് ശബരിനാഥൻ ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ പറഞ്ഞത്. വാട്ട്സ്ആപ് ഗ്രൂപ്പിൽ താൻ തന്നെയാണ് വിമാനത്തിൽ പ്രതിഷേധിക്കാനുള്ള ആശയം പങ്കുവെച്ചത് എന്നും കെ എസ് ശബരിനാഥൻ പറഞ്ഞു.