Asianet News MalayalamAsianet News Malayalam

അരിഞ്ഞ പുല്ലുകെട്ടും എത്തിയ ജീപ്പും ഇപ്പോഴും റോഡരികിൽ; നൊമ്പരമായി പ്രജീഷ്, കടുവയ്ക്കായി വൻ തെരച്ചിൽ

ആദ്യഘട്ടത്തില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ഉത്തരവായിരിക്കും ഇറങ്ങുകയെന്നാണ് വിവരം. ഇതിന്‍റെ ഉത്തരവിറങ്ങിയ ഉടന്‍ അതിനുള്ള നടപടി ആരംഭിക്കാനാണ് തീരുമാനം

youth died in tiger attack in wayanad, massive hunt started by forest officials
Author
First Published Dec 10, 2023, 10:48 AM IST

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവയക്കായി വലിയ രീതിയിലുള്ള തെരച്ചിലാണ് ആരംഭിച്ചിരിക്കുന്നത്. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്.

ആദ്യഘട്ടത്തില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ഉത്തരവായിരിക്കും ഇറങ്ങുകയെന്നാണ് വിവരം. ഇതിന്‍റെ ഉത്തരവിറങ്ങിയ ഉടന്‍ അതിനുള്ള നടപടി ആരംഭിക്കാനാണ് തീരുമാനം. ഉത്തരവിറങ്ങിയാല്‍ മയക്കുവെടിവെക്കുന്ന ആര്‍ആര്‍ടി സംഘം വാകേരിയിലേക്ക് പോകും. കടുവയെ കണ്ടെത്തുന്നതിനായി സ്ഥലത്ത് നേരത്തെ ക്യാമറ ഉള്‍പ്പെടെ സ്ഥാപിച്ചിരുന്നു. കടുവയുടെ കാൽപ്പാടുകൾ നോക്കിയാണിപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. കടുവയുടെ ആക്രമണത്തില്‍ പ്രജീഷ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.

ഇന്നലെ കടുവ പിടിച്ച പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം, സ്വന്തം പശുക്കള്‍ക്കുവേണ്ടി പ്രജീഷ് അരിഞ്ഞ പുല്ല് കൂട്ടിയിട്ടുണ്ട്. പുല്ലരിയുന്നതിനിടെയാണ് പ്രജീഷിനെ കടുവ പിടിച്ചതെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. കൂട്ടിയിട്ട പുല്ലിന് സമീപം അത് കൊണ്ടുപോകാനായി എടുത്ത ചാക്കും അരിവാളുമുണ്ട്. സ്ഥലത്തേക്ക് പ്രജീഷ് ഓടിച്ചുവന്ന ജീപ്പും റോഡരികില്‍ തന്നെ കിടക്കുന്നുണ്ട്. പ്രജീഷിന്‍റെ മരണം നാടിന്‍റെ നൊമ്പരമായി മാറിയിരിക്കുകയാണ്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. നരഭോജി കടുവയാണിതെന്നും അതിനാല്‍  അടിയന്തരമായി വെടിവെച്ച് പിടികൂടിയില്ലെങ്കില്‍ വീണ്ടും ആക്രമിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഇതിനിടെ, കടുവയുടെ ആക്രമണത്തിൽ മരിച്ച കൂടല്ലൂർ സ്വദേശി പ്രജീഷിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളത്. അതിനുശേഷമാകും സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുക. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാടത്ത് പുല്ലരിയാന്‍ പ്രജീഷ് പോയത്. എന്നാല്‍, വൈകിട്ട് പാലളക്കുന്ന സമയമായിട്ടും പ്രജീഷ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
ജീവനെടുത്ത് കടുവ; വയനാട്ടിൽ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍

കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനും കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കാനും മേഖലയിലെ വനാതിര്‍ത്തിയില്‍ ടൈഗര്‍ ഫെന്‍സിങ് സ്ഥാപിക്കാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ധാരണയായിരുന്നു. കാട് വെട്ടി തെളിക്കാൻ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകൾക്ക് നിർദേശം നൽകാനും കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നോർത്ത് സിസിഎഫിന് കൈമാറാനും ധാരണയായിരുന്നു. കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിറക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഐസ് കട്ട കണക്കെ തണുത്തുറഞ്ഞൊരു കുഞ്ഞുശരീരം,മരിച്ചിട്ടും മടക്കമില്ലാതെ മോർച്ചറിയിൽ;ഏറ്റെടുക്കാൻ ആരും വന്നില്ല

 

Follow Us:
Download App:
  • android
  • ios