മുഖ്യമന്ത്രിയുടെ ചിത്രവും വിവരണങ്ങളും ഉള്ള ലുക്ക്ഔട്ട് നോട്ടീസ് കൊച്ചിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ബാരിക്കേഡിൽ വരെ യൂത്ത് ലീ​ഗ് പ്രവർത്തകർ ഒട്ടിച്ചു.

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ വലിയ വിവാദങ്ങൾ സൃഷ്ടിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് ലീ​ഗ്. മുഖ്യമന്ത്രിയുടെ ചിത്രവും വിവരണങ്ങളും ഉള്ള ലുക്ക്ഔട്ട് നോട്ടീസ് കൊച്ചിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ബാരിക്കേഡിൽ വരെ യൂത്ത് ലീ​ഗ് പ്രവർത്തകർ ഒട്ടിച്ചു.

ചിത്രത്തിൽ കാണുന്ന കണ്ണൂർ പിണറായി സ്വദേശിയായ വിജയൻ, 77 വയസ് മുഖ്യമന്ത്രിയായി പ്രവർത്തിച്ച് വരികെ ഓഫീസിനെയും സ്റ്റാഫുകളെയും ദുരുപയോ​ഗം ചെയ്ത് സ്വർണം കടത്തുകയും വിദേശത്തേക്ക് പണം കടത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട് എന്നാണ് ലുക്ക്ഔട്ട് നോട്ടീസിൽ എഴുതിയിരിക്കുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ പ്രതികരണശേഷി നഷ്ടപ്പെട്ട ടിയാനെ കണ്ടു കിട്ടുന്നവർ ബന്ധപ്പെടണമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. ഡിജിപി, എകെജി സെന്റർ, കൈരളി ടിവി എന്നിവിടങ്ങളിലെ നമ്പറാണ് ബന്ധപ്പെടാനായി നൽകിയിരിക്കുന്നത്. 

'പൊലീസ് സംരക്ഷണം വേണ്ട, ഇഡിയുടെ കാവൽ മതി'; സ്വപ്‍ന സുരേഷ് ഹൈക്കോടതിയിൽ

'പിണറായി സംഘപരിവാറിന്റെ ഇഷ്ടക്കാരൻ, ഒരു കേന്ദ്ര മന്ത്രി ഇടനിലക്കാരൻ, ഇഡിക്ക് രാഷ്ട്രീയം': വിഡി സതീശൻ 

കൊച്ചി: സ്വർണക്കടത്ത് (Gold smuggling Case) കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര അന്വേഷണ ഏജൻസികൾക്കുമെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വര്‍ണ്ണ കറൻസി കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമുയർന്നിട്ടും ഇ ഡി കേസെടുത്തില്ല. എൻഫോഴ്സ്മന്റ് ഡയറക്ട്രേറ്റിന് രാഷ്ട്രീയമുണ്ട്. താത്പര്യമുണ്ടെങ്കിൽ മാത്രമേ കേസെടുക്കൂ എന്ന നിലപാടാണ് ഇഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളെ വിശ്വാസത്തിലെടുക്കാൻ സാധിക്കില്ല. അതിനാൽ സ്വര്‍ണ്ണക്കടത്തിൽ ഹൈക്കോടതിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

''സംഘപരിവാറിന്റെ ഇഷ്ടക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് സംഘപരിവരിവാറുമായി പിണറായി സെറ്റിൽമെന്റിലെത്തിയത്. അടിക്കടി കേരളത്തിലേക്ക് വരുന്ന ഒരു കേന്ദ്ര മന്ത്രിയാണ് പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത്. അവതാരങ്ങളില്ലെന്ന് പറ‌ഞ്ഞ പിണറായിക്ക് ഇപ്പോൾ നിറയെ അവതാരങ്ങളാണ്. ഇതിൽ ഒൻപതാമത്തെ അവതാരണമാണ് ഷാജ് കിരൺ. തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കിയിട്ടും ഷാജ് കിരണിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഫോൺ രേഖകളിൽ കൃത്രിമം നടത്താൻ പൊലീസ് സമയം നൽകിയിരിക്കുകയാണ്. പൊലീസാണ് ഷാജിനെ ഇടനിലക്കാരനായി ചുമതലപ്പെടുത്തിയത്. പങ്കില്ലെങ്കിൽ എന്തിനാണ് ഭയപ്പെടുന്നത്. എന്താണ് ഇടനിലക്കാരെ വിടുന്നതെന്നും സതീശൻ ചോദിച്ചു. 

മുഖ്യമന്ത്രി പുറത്ത് ഇറങ്ങിയാൽ ആളുകൾ പേടിച്ച് അകത്ത് കയറുന്നുവെന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. കറുത്ത വസ്ത്രമിടുന്നവരെ പൊലീസ് പിടിച്ചു കൊണ്ട് പോകുന്നു. എന്താണ് കേരളത്തിൽ നടക്കുന്നത്. എന്തിനാണ് പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താൻ ശ്രമിക്കുന്നത്. കറുത്ത ഡ്രസ്, മാസ്ക്ക് ഒന്നും പറ്റില്ലെന്നാണ് പൊലീസ് പറയുന്നത്. ഹിറ്റ്ലർ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, സ്വര്‍ണ്ണക്കടത്ത് കേസിലെ ഒരു പ്രതി ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തതിനെ എന്തിനാണ് നിങ്ങൾ ഭയക്കുന്നതെന്നും ചോദിച്ചു. 

മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ല; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ സമരത്തിനെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ നടത്തുന്ന സമരം കലാപമാക്കി മാറ്റരുത്. മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ല.വളഞ്ഞിട്ടാക്രമിക്കാൻ നോക്കിയാൽ അതിന് വഴങ്ങുന്ന വ്യക്തിയല്ല മുഖ്യമന്ത്രി.ഇടതു മുന്നണി അത് അനുവദിക്കുകയുമില്ല. റുത്ത മാസ്കിന് വിലക്കില്ല.ഭരണത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. റോഡ് നിർമാണം അനന്തമായി വൈകുന്ന സാഹചര്യത്തിൽ കരാറുകൾ റദ്ദാക്കാനാണ് തീരുമാനമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.