Asianet News MalayalamAsianet News Malayalam

'സംഘികൾ ഓർത്താൽ നന്ന്, കാരണം ഇത് സ്ഥലം വേറെയാണ്'; അസ്മിയയുടെ മരണത്തിലും വിവാദങ്ങളിലും പ്രതികരിച്ച് യൂത്ത് ലീഗ്

ബാലരാമപുരത്ത് മതപഠനശാലയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. 

Youth league state secretary pk firos response over asmiya death and controversies ppp
Author
First Published May 17, 2023, 7:07 PM IST

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ആരെങ്കിലും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

തിരുവനന്തപുരത്തെ ബാലരാമപുരത്തുള്ള ഒരു മതപാഠശാലയിൽ അസ്മിയ എന്ന പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടന്നു വരികയാണ്. അതിന്റെ സത്യാവസ്ഥ പുറത്ത് വരട്ടെ. മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് പരമാവധി ശിക്ഷ നൽകണം എന്ന കാര്യത്തിൽ ആർക്കെങ്കിലും രണ്ടഭിപ്രായമുണ്ടാകുമെന്ന് കരുതുന്നില്ല.

എന്നാൽ ഈ സംഭവമുയർത്തിക്കാണിച്ച് കത്വയിലെ പെൺകുട്ടിക്ക് വേണ്ടി പ്രതിഷേധിച്ചവർ ഇന്ന് എവിടെ എന്ന ചോദ്യവുമായി ചിലർ രംഗത്ത് വരുന്നത് കാണുന്നുണ്ട്. അവർ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ല. സംഘ്പരിവാർ പ്രവർത്തകരോ അത്തരം മനോഭാവമുള്ളവരോ ആണ് അക്കൂട്ടർ. കത്വയിലെ കുഞ്ഞിനെ കൊന്ന പ്രതികൾക്ക് വേണ്ടി ബി.ജെ.പിയുടെ രണ്ട് മന്ത്രിമാർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. 

അവർ ദേശീയ പതാക പിടിച്ചാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്. അവർ കാശ്മീർ ഭരിക്കുന്നവർ മാത്രമായിരുന്നില്ല, രാജ്യം ഭരിക്കുന്നവർ കൂടിയായിരുന്നു. അവർ ബി.ജെ.പി നേതാക്കളായിരുന്നു. ആ പാവം കുഞ്ഞിനെ പിച്ചിച്ചീന്തി കഴുത്തിൽ ദുപ്പട്ട മുറുക്കി കൊന്നു കളഞ്ഞത് ആ സമുദായത്തെ മുഴുവൻ ഭീതിയിലാഴ്ത്താനാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ജമ്മു&കാശ്മീരിലെ ബി.ജെ.പിയുടെ സ്വാധീനത്തിലുള്ള ബാർ അസോസിയേഷൻ ഇരകൾക്ക് വേണ്ടി അഭിഭാഷകരാരും കോടതിയിൽ ഹാജരാകരുതെന്ന് പറഞ്ഞിരുന്നു. ഒടുവിൽ ഹാജരായ ദീപികസിംഗിനെ ഭീഷണിപ്പെടുത്തിയിരുന്നു.

ഭരണകക്ഷി മന്ത്രിമാരടക്കം പ്രതികളെ സംരക്ഷിക്കാൻ പരസ്യമായി രംഗത്തിറങ്ങുന്ന സാഹചര്യവുമായി ബാലരാമപുരത്തെ കാണാനാവുമോ? രാജ്യം മുഴുവൻ പ്രതിഷേധമുയർന്നില്ലായിരുന്നെങ്കിൽ ആ കേസ് തേഞ്ഞ് മാഞ്ഞു പോവില്ലായിരുന്നോ? പ്രതികൾ നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടുമെന്നതിൽ ആർക്കെങ്കിലും സംശയമുണ്ടാകുമോ?
ഇത് ഉദ്ദേശ്യം വേറെയാണ്. മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവർക്ക് ഒരു കാരണം കൂടി ഉണ്ടാക്കണം. മദ്രസകൾക്കെതിരായ പ്രചരണം ഇതിന്റെ മറവിൽ ശക്തിപ്പെടുത്തണം. 

Read more: അസ്മിയയുടെ ദുരൂഹ മരണം: മത വിദ്യഭ്യാസ സ്ഥാപത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

താൻ അധികാരത്തിലേറിയപ്പോൾ 600 മദ്രസകൾ പൂട്ടിയെന്നും ഒരു വർഷത്തിനുള്ളിൽ 300 എണ്ണം കൂടി പൂട്ടുമെന്നും പ്രഖ്യാപിച്ചത് അസം മുഖ്യമന്ത്രിയാണ്. അയാൾ ബി.ജെ.പിക്കാരനാണ്. ഇതൊക്കെ ഇവിടെയുള്ളവർക്ക് മനസ്സിലാക്കാനാവുമെന്നത് സംഘികൾ ഓർത്താൽ നന്ന്. കാരണം ഇത് സ്ഥലം വേറെയാണ്. നിങ്ങൾക്ക് ആനമുട്ട സമ്മാനിച്ച നാടാണ്. കേരളമാണ്.

Follow Us:
Download App:
  • android
  • ios