Asianet News MalayalamAsianet News Malayalam

'വിഷയം അതീവ ഗൗരവം, കേരളം ചര്‍ച്ച ചെയ്യണം, മുഖ്യമന്ത്രിയുടെ മറുപടി അത്ഭുതപ്പെടുത്തി'; വിഡി സതീശൻ

വിദഗ്ധരെ കൊണ്ട് പഠനം നടത്തി റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും സതീശൻ പറഞ്ഞു

youth migration is serious matter, need to be addressed says vd satheesan
Author
First Published Jan 26, 2024, 7:34 PM IST

തിരുവനന്തപുരം: പഠിക്കാനും ജോലി ചെയ്യാനും സ്ഥിരതാമസത്തിനുമായി കേരളം വിടുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പര, നാട് വിടും കേരള സ്ക്വാഡിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയം അതീവ ഗൗരവമുള്ളതാണെന്നും ഇതില്‍ മുഖ്യമന്ത്രിയുടെ മറുപടി അത്ഭുതപ്പെടുത്തിയെന്നും വിഡി സതീശന്‍ പറഞ്ഞു. ഈ വിഷയത്തില്‍ വാർത്താ പരമ്പര ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെ ആത്മാർത്ഥമായി അഭിനന്ദിക്കുകയാണ്. വിഷയം അതീവ ഗൗരവമാണ്. ഇത് കേരളം ചർച്ച ചെയ്യണം. തുടര്‍ന്ന് ആവശ്യമായ പരിഹാരം കണ്ടെത്തണം. ഇതേ വിഷയം തന്നെ നേരത്തെ ബിഷപ്പ് ഉന്നയിച്ചിരുന്നു. അപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി അത്ഭുതപ്പെടുത്തി. സാധാരണ സംഭവം എന്ന നിലയിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. വിഷയത്തിൽ യുഡിഎഫിന് ആശങ്കയുണ്ട്.

വിദഗ്ധരെ കൊണ്ട് പഠനം നടത്തി റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും സതീശൻ പറഞ്ഞു. ഒമ്പത് സര്‍വകലാശാലകളില്‍ വിസിമാരില്ല. 66 കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാരില്ല. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. കുടിയേറ്റത്തെ കുറിച്ച് സർക്കാരിന് കൃത്യമായ കണക്കു വേണം. നാടിന്‍റെ സ്വത്ത് കഴിവുള്ള ചെറുപ്പക്കാരാണ്. അവരാണ് പുറത്തേക്ക് കുത്തിയൊലിച്ച് പോകുന്നത്. എത്ര പേർ, എങ്ങോട്ട് , എന്തിന് പോകുന്നു എന്ന് സർക്കാർ അറിയണമെന്നും സമഗ്രമായ പരിഹാരം കാണണമെന്നും വിഡി സതീശന്‍ പറഞ്ഞു.വിദ്യാർത്ഥികളുടെ കുടിയേറ്റം കേരളത്തിലെ മാത്രം പ്രശ്നമല്ലെന്നാണ് പരമ്പരയോട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ പ്രതികരണം.

വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിന് സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ കഴിയാത്തതിനാൽ 42,000 സീറ്റുകൾ അധികമായി സംസ്ഥാനത്തെ കോളേജുകളിൽ അനുവദിച്ചിരുന്നുവെന്നും ഈ സീറ്റുകളടക്കമാണ് കോളേജുകളിൽ ഒഴിഞ്ഞ് കിടക്കുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്‍റെ ജീപ്പില്‍ ; വിവാദം

 

Latest Videos
Follow Us:
Download App:
  • android
  • ios