യൂട്യൂബര്‍ 'ചെകുത്താനെ' കൊച്ചിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; ഫോണും ട്രൈപോഡും കസ്റ്റഡിയിലെടുത്തു
അജു അലക്സിന്റെ മൊബൈൽ ഫോണും ട്രൈപ്പോഡും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രിയോടെ തിരുവല്ലയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഇയാളെ ഹാജരാക്കും.
കൊച്ചി: നടൻ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ അജു അലക്സിനെ കൊച്ചിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ചെകുത്താൻ എന്ന എഫ്ബി പേജ് കൈകാര്യം ചെയ്യുന്ന യൂട്യൂബറാണ് അജു അലക്സ്. വയനാട് ദുരന്തമേഖലയിലെ സന്ദർശനത്തിൻ്റെ പേരിൽ മോഹൻലാലിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് അജു അലക്സിനെതിരെ തിരുവല്ല പോലീസ് കേസ് എടുത്തത്. അജു അലക്സിന്റെ മൊബൈൽ ഫോണും ട്രൈപ്പോഡും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രിയോടെ തിരുവല്ലയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഇയാളെ ഹാജരാക്കും.
താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയിലായിരുന്നു പൊലീസ് നടപടി. മോഹന്‍ലാലിന്‍റെ വയനാട് സന്ദര്‍ശനത്തെ പരിഹസിച്ചുളള ഈ വീഡിയോയാണ് ചെകുത്താന്‍ എന്ന പേരില്‍ നവമാധ്യമങ്ങളില്‍ പരിചിതനായ അജു അലക്സിനെ കുടുക്കിയത്. അശ്ലീലം നിറഞ്ഞ ഭാഷയില്‍ മോഹന്‍ലാലിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സിദ്ദിഖ് പൊലീസില്‍ പരാതി നല്‍കിയത്. തിരുവല്ലയില്‍ നിന്ന് കൊച്ചി മരോട്ടിച്ചോട്ടിലെ താമസ സ്ഥലത്ത് എത്തിച്ചാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച മൈക്കും ട്രൈപോഡുമെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു.