മലയോര ഹൈവേ: 144 കോടി രൂപയുടെ ഭരണാനുമതി

കോഴിക്കോട്: മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ വരെയുള്ള റോഡിന് 144 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോര്‍ജ് എം. തോമസ് എം.എല്‍.എ അറിയിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന കിഫ്ബി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് മലയോര ഹൈവേ പദ്ധതിക്ക് ഭരണാനുമതിയായത്. 

കോടഞ്ചേരി- പുലിക്കയം- നെല്ലിപൊയില്‍- പുല്ലൂരാംപാറ- പുന്നക്കല്‍- കുടരഞ്ഞി- കൂമ്പാറ- അകമ്പുഴ വഴിയാണ് നിര്‍ദിഷ്ട ഹൈവേ കക്കാടംപൊയിലില്‍ എത്തുന്നത്. 33.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ ദേശീയ നിലവാരത്തിലാണ് നിര്‍മ്മിക്കുക. ഇതിനാവശ്യമായ ഭൂരിഭാഗം സ്ഥലവും നാട്ടുകാര്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. സാങ്കേതികാനുമതി ലഭ്യമാക്കി റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. 

മലയോര ജനതയുടെ ദീര്‍ഘകാല ആവശ്യമാണ് മലയോര ഹൈവേക്ക് ഭരണാനുമതിയായതോടെ യാഥാര്‍ഥ്യമാകുന്നത്. 87 കോടി രൂപയുടെ അനുമതി ലഭിച്ച തിരുവമ്പാടി മണ്ഡലത്തിലെ മറ്റൊരു പ്രധാന റോഡായ കൈതപ്പൊയില്‍ - മുക്കം രണ്ടു വരിപാത ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വൈകാതെ പ്രവൃത്തി ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.