ഇടുക്കി സംഭരണിയില്‍ 33 വര്‍ഷത്തിന് ശേഷം ഏറ്റവും കൂടിയ  ജലനിരപ്പാണിപ്പോഴുള്ളത്.

ഇടുക്കി: കാലവര്‍ഷം കനത്തതോടെ ഇടുക്കി ഉള്‍പ്പെടെയുള്ള സംഭരണികളില്‍ ജലനിരപ്പുയര്‍ന്നു. ചെറുകിട സംഭരണികള്‍ മിക്കതും തുറന്നു. ഇടുക്കിയില്‍ 17 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. തിങ്കളാഴ്ച 153.4 മി. മീറ്റര്‍ മഴ പദ്ധതി പ്രദേശത്ത് പെയ്തു. 2001 ലാണ് ഇതിനേക്കാള്‍ ഉയര്‍ന്ന മഴ (221.2 മി. മീറ്റര്‍) ലഭിച്ചത്.

ഇടുക്കി സംഭരണിയില്‍ 33 വര്‍ഷത്തിന് ശേഷം ഏറ്റവും കൂടിയ ജലനിരപ്പാണിപ്പോഴുള്ളത്. കാലവര്‍ഷം തുടങ്ങി 50 ദിവസത്തിനുള്ളില്‍ 1664.2 മി. മീറ്റര്‍ മഴ പെയ്തു. കഴിഞ്ഞവര്‍ഷം ഇത് വെറും 813.8 മി. മീറ്ററായിരുന്നു. മൂന്നാര്‍ , ദേവികുളം, പീരുമേട് എന്നിവിടങ്ങളില്‍ യഥാക്രമം 202,189 മി. മീറ്റര്‍ മഴ പെയ്തതും റെക്കോഡാണ്.

ഇടുക്കിയില്‍ ഒരു ദിവസംകൊണ്ട് നാലടി വെള്ളമാണ് ഉയര്‍ന്നത്. തിങ്കളാഴ്ചത്തെ ജലനിരപ്പ് 2371.28 അടിയാണ്. ഞായറാഴ്ചയിത് 2367 ആയിരുന്നു. ആകെ സംഭരണശേഷി 2403 അടിയാണ്. ശേഷിയുടെ 65. 25 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 54.38 അടിയുടെ വര്‍ധന. 

ഇടുക്കി ഡാം നിര്‍മിച്ചശേഷം 1981 ലും 1992 ലും മാത്രമാണ് ഷട്ടറുകള്‍ തുറക്കേണ്ടി വന്നത്. വേനല്‍ക്കാല വൈദ്യുതോല്‍പാദനത്തിനുള്ള കരുതലായാണ് ഇടുക്കി സംഭരണി ഉപയാഗപ്പെടുത്തുന്നത്. മൂലമറ്റത്ത് ഉല്‍പാദനം നാമമാത്രമാണ്. 2.065 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ ദിവസത്തെ ഉല്‍പാദനം. 

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടിയായി. അണക്കെട്ട് മേഖലയില്‍ 84 മി. മീറ്റര്‍ മഴ പെയ്തു. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 5653 ഘന അടി വെള്ളം ഒഴുകിയെത്തുമ്പേള്‍ 2100 ഘന അടി തമിഴ്‌നാട് കൊണ്ടുപോകുന്നത്. ചെറു സംഭരണികളും നിറഞ്ഞിട്ടുണ്ട്. 

മൂന്നാര്‍ രാമസ്വാമി ഹെഡ്വര്‍ക്ക്‌സ് ഡാം, കല്ലാര്‍, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളും തുറന്നു. ജില്ലയില്‍ കാലവര്‍ഷത്തില്‍ മൂന്നുപേര്‍ മരിച്ചു. നാലുപേര്‍ക്ക് അപകടം സംഭവിച്ച് ആശുപത്രിയില്‍ ചികില്‍സയിലാണ്. 26 വീടുകള്‍ പൂര്‍ണ്ണമായും, 746 വീടുകള്‍ ഭാഗീകമായും നശിച്ചു. 3000.51 ഹെക്ടര്‍ ക്യഷിഭൂമി നശിക്കുകയും, രണ്ട് ക്യാമ്പുകള്‍ തുറക്കുകയും ഇതില്‍ 23 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ശക്തമായി മഴ തുടര്‍ന്നാല്‍ ജില്ലയിലെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാലുമെന്ന് അധിക്യകര്‍ പറയുന്നു.