മൂന്നാറില്‍ മോഷണ പരമ്പര 20 കടകളില്‍ നിന്ന് നഷ്ടമായത് ലക്ഷങ്ങള്‍ 

ഇടുക്കി: മൂന്നാറിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ റോസ് ഗാര്‍ഡന്‍ നഴ്സറിയ്ക്കു സമീപമുള്ള 14 ഓളം കടകളിലും ഫോട്ടോ പോയിറ്റിന് സമീപമുള്ള ആറു കടകളിലുമാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഇതിനു മുമ്പ് മൂന്നു തവണ ഇത്തരത്തില്‍ മോഷണം നടന്നപ്പോഴും സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ പരാതിയില്‍ പൊലീസ് ഓരൊളെ പോലും പിടികൂടിയിട്ടില്ലെന്ന് കച്ചവടക്കാര്‍ ആരോപിക്കുന്നു. 

ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. മിക്ക കടകളില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ പണം സ്വരൂപിക്കാനായി കടകളില്‍ വച്ചിരുന്ന പണ സമാഹരണപെട്ടിയില്‍ നിന്നു വരെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണത്തിന് ശേഷം രണ്ടു കടകളില്‍ മോഷ്ടാക്കള്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയിരുന്നു. സംഘം ചേര്‍ന്ന് മോഷണം നടത്തിയതായാണ് പ്രാഥമിക വിവരം. കോഫി ഷോപ്പ്, കരകൗശല വസ്തുക്കള്‍, ഹോംമേഡ് ചോക്ലേറ്റ് തുടങ്ങിയവ വില്പന നടത്തുന്ന കടകള്‍ എന്നിവയില്‍നിന്നുമാണ് മോഷണം നടത്തിയിരിക്കുന്നത്.

ഏറെ തിരക്കുണ്ടായിരുന്ന പ്രദേശം, സീസണ്‍ അവസാനിച്ചതോടെ വിജനമായതും രാത്രി കാവല്‍ക്കാരന്‍ ഇല്ലാത്തതും മോഷ്ടാക്കള്‍ക്ക് തുണയായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്ക് മൂന്നു തവണ കടകളില്‍ ഇത്തരത്തില്‍ മോഷണം നടന്നിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഈ കേസുകളില്‍ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഒരിടവേളയ്ക്കു ശേഷമാണ് മൂന്നാറില്‍ മോഷ്ടാക്കള്‍ വീണ്ടും സജീവമാകുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് പഴയ മൂന്നാറില്‍ ഒരേ സമയത്ത് നാലിടങ്ങളില്‍ മോഷണം നടന്നിരുന്നു. മാസങ്ങള്‍ക്കു മുമ്പ് മൂന്നാറിലെ ഏറ്റവും സാന്ദ്രതയുള്ള പ്രദേശമായ മൂന്നാര്‍ കോളനിയിലും തുടര്‍ മോഷണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈ കേസുകളില്‍ പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.