വിഴിഞ്ഞത്തെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റ് മാനേജറാണ് മാതൃകയായത്

തിരുവനന്തപുരം: ദമ്പതികള്‍ മറന്നുവെച്ച 70000രൂപയും രേഖകളും തിരികെ നല്‍കി വിഴിഞ്ഞത്തെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ മാതൃകയായി. കരുംകുളം പുതിയതുറ സ്മൃതി ഹൗസിൽ മധുസുദൻ നായരും ഭാര്യ ശ്രീകലയും സാധനം വാങ്ങിയശേഷം 70000 രൂപയും പാസ്സ് ബുക്കും സൂപ്പര്‍മാര്‍ക്കറ്റില്‍ മറന്നുവെക്കുകയായിരുന്നു

എന്നാൽ സൂപ്പർമാർക്കറ്റ് മാനേജര്‍ എൻ. ഗോപാലകൃഷ്ണൻ നായര്‍ പണവും രേഖകളും വിഴിഞ്ഞം പൊലീസിന് കൈമാറി. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദമ്പതിമാരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി, നഷ്ടപ്പെട്ട പണവും പാസ്സ് ബുക്കും എസ്.എച്ച്.ഓ എൻ. ഷിബുവിന്റെ സാന്നിധ്യത്തിൽ കൈമാറുകയായിരുന്നു. 

പണം തിരികെനൽകി മാതൃക കാണിച്ച സപ്ലൈക്കോ സൂപ്പർമാർക്കറ്റ് മാനേജരെ വിഴിഞ്ഞം പൊലീസിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു. ഇദേഹത്തിനു മാതൃകാ പ്രവര്‍ത്തനത്തിന് അംഗീകാരം നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും സി.ഐ പറഞ്ഞു.