കന്യാസ്ത്രീയുടെ പരാതിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിലെ 4 പേർ ഇന്നലെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ കന്യാസ്ത്രീയിൽ നിന്നും ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തും. ചങ്ങനാശേരി ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുന്നിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. കന്യാസ്ത്രീയുടെ പരാതിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിലെ 4 പേർ ഇന്നലെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇന്ന് രണ്ട് പേരുടെ കൂടി മൊഴിയെടുക്കും. ബിഷപ്പ് നൽകിയ എതിർപരാതിയിൽ ജലന്ധർ രൂപത പിആർഒ ഫാദർ പീറ്റർ കാവുംപുറത്തിന്‍റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ അവർ അംഗമായ സന്യാസിനി സമൂഹത്തിലെ ഒരു വിഭാഗം രംഗത്ത്. അച്ചടക്കനടപടി എടുത്തതിനാലാണ് ബിഷപ്പിനെതിരെ പരാതി നൽകിയതെന്ന് കാണിച്ച് ഇവർ അന്വേഷണ സംഘത്തിന് കത്ത് നൽകി. ഒത്തുതീർപ്പ് ശ്രമങ്ങൾ പാളിയതിനെ തുടർന്നാണ് ഇവർ കന്യസ്ത്രീക്കെതിരെ പൊലീസിനെ സമീപിച്ചത്. കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്ന് എടുക്കും.
ജലന്ധർ ബിഷപ്പിന് കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് എന്ന സന്നാസി സമൂഹത്തിലെ കന്യാസ്ത്രീകളാണ് അന്വേഷണ സംഘ തലവനായ വൈക്കം ഡിവൈഎസ്പിക്ക് കത്ത് നൽകിയത്. മദർ സുപ്പീരിയർ സ്ഥാനത്ത് മാറ്റിയതാണ് ആരോപണത്തിന് പിന്നിലെന്ന് ഇവർ അന്വേഷണ സംഘത്തിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. രണ്ട് ദിവസം മുൻപ് കോട്ടയത്തെത്തിയ ഇവർ കന്യാസ്ത്രീയുമായ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് സൂചന.
ആരോപണമുന്നയിച്ച കന്യാസ്ത്രീക്കൊപ്പം മഠത്തിലെ ഒരു വിഭാഗം കൂടി നിന്നതോടെ ഇവരുടെ അനുരജ്ഞനശ്രമം പാളി. കർദ്ദിനാൾ ആലഞ്ചേരിക്ക് പരാതി കൊടുത്ത കന്യാസ്ത്രീ സ്വന്തം സഭയിൽ പരാതി നൽകിയില്ലെന്നും ഇവർ ആരോപിച്ചു. കന്യാസ്ത്രീയെ കാണാനുള്ള ശ്രമം തുടരുമെന്നും ഇവർ വ്യക്തമാക്കി. കന്യാസ്ത്രീയിൽ നിന്നും വിശദമായി മൊഴിയെടുത്ത പ്രത്യേക സംഘം ബിഷപ്പിൽ നിന്ന് മൊഴിയെടുക്കാൻ രണ്ട് ദിവസത്തിനകം ജലന്ധറിലേക്ക് പോകുമെന്നാണ് സൂചന.
