കഴിഞ്ഞ മെയ് 22 ന് കൊട്ടക്കന്‍പൂരിൽ ചേർന്ന ഗ്രാമസഭയിലായിരുന്നു അഭിമന്യു ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്.
ഇടുക്കി: മഹാരാജാസ് കോളേജിന്റെ മണ്ണില് കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ഓർമ്മകള്ക്ക് ഇനി മരണമില്ല. ഇടുക്കിയിലെ ഏറ്റവും വലിയ ലൈബ്രറിയാണ് നാട്ടുകാര് അഭിമന്യുവിന് വേണ്ടി വട്ടവടയില് ഒരുക്കുന്നത്. ''അഭിമന്യു മഹാരാജാസ്'' എന്ന പേരിലുള്ള ലൈബ്രറിയുടെ നിർമാണം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. നാട്ടിൽ വായനശാല സ്ഥാപിക്കണമെന്ന ആവശ്യം അവസാനം പങ്കെടുത്ത ഗ്രാമസഭയിലും അഭിമന്യു ഉന്നയിച്ചിരുന്നു.
വിദ്യാഭ്യാസപരമായി നാടിനെ മുന്നോട്ട് നയിക്കാൻ വട്ടവടയിൽ നല്ലൊരു വായനശാല വേണം. പതിനയ്യായിരത്തോളം പേരുള്ള വട്ടവടയിൽ സർക്കാർ ജോലിക്കാർ ആരുമില്ല. നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പിഎസ്സി കോച്ചിംഗ് സെന്റർ തുടങ്ങണം. കഴിഞ്ഞ മെയ് 22 ന് കൊട്ടക്കന്പൂരിൽ ചേർന്ന ഗ്രാമസഭയിലായിരുന്നു അഭിമന്യു ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്.
വായനശാലയെന്ന അഭിമന്യുവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. പഞ്ചായത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് വായനശാല ഒരുങ്ങുന്നത്. പണി ഏകദേശം പൂർത്തിയായി. ഇനി പുസ്തകങ്ങൾ വയ്ക്കാനുള്ള അടുക്കുകൾ സ്ഥാപിക്കണം. പുസ്തകങ്ങളും വേണം. വായനശാലയിലേക്കായി വട്ടവട പഞ്ചായത്ത് ഓഫീസിലേക്ക് വിദേശത്ത് നിന്നടക്കം നിരവധി പേർ പുസ്തകങ്ങൾ അയക്കുന്നുണ്ട്. എങ്കിലും വട്ടവടക്കാർ ആഗ്രഹിക്കുന്നത് അഭിമന്യുവിന്റെ പേരിൽ രണ്ട് ലക്ഷം പുസ്തകങ്ങളെങ്കിലുമായി ഇടുക്കിയിലെ ഏറ്റവും വലിയ ലൈബ്രറിയാണ്.
